കോട്ടയം: നഗര പരിധിയിൽ വൻ മോഷണം. റബർ ബോർഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത രണ്ട് ക്വാർട്ടേഴ്സുകളിൽ നിന്നാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.
നൂറ് ഏക്കറോളം വിസ്തൃതിയുള്ള ക്യാമ്പസിനുള്ളിൽ സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണമുള്ള മേഖലയിലാണ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഞെട്ടിച്ചുകൊണ്ട് കവർച്ച നടന്നത്. 75 പവന്റെ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.
ക്വാർട്ടേഴ്സുകളുടെ മൂന്ന് മുറികളിൽ മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലും ആണ് കണ്ടെത്തിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന് പിന്നിൽ വൻ മോഷണ സംഘമാണെന്ന സംശയമാണ് ജില്ലാ പൊലീസ് മോധാവി ഷാഹുൽ ഹമീദ് ഉൾപ്പെടെ പ്രകടിപ്പിച്ചത്.ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടന്നതായാണ് പൊലീസ് പറയുന്നത്. മോഷണം നടന്ന ക്വാർട്ടേഴ്സിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റ് പരിപാടികൾക്കുമായി പോയ സമയം നോക്കിയാണ് മോഷണം നടന്നത്. ചിലർ രാവിലെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് ഉടൻതന്നെ അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.