Share this Article
News Malayalam 24x7
സി.ജെ റോയിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് SIT
 CJ Roy Death Case

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT). റോയിയെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്തതിന് കൃത്യമായ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.


ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ സമ്മർദ്ദം മൂലമാണ് റോയ് ജീവനൊടുക്കിയത് എന്നായിരുന്നു കുടുംബത്തിന്റെ പ്രാഥമിക ആരോപണം. എന്നാൽ, അദ്ദേഹം മരിച്ച ദിവസം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ ലഭിച്ച മൊഴികളിലോ സാഹചര്യ തെളിവുകളിലോ കുറ്റകരമായ ഇടപെടലുകൾ ദൃശ്യമല്ലെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.ഐ.ടി. ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന പ്രാഥമിക നിഗമനത്തിലെത്തിയതോടെ, മരണത്തിലേക്ക് നയിച്ച മറ്റ് കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രധാനമായും താഴെ പറയുന്ന മേഖലകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്


സി.ജെ. റോയ് നേരത്തെ തന്നെ മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സമ്മർദ്ദത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ചികിത്സാ രേഖകൾ പരിശോധിക്കും.റോയിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടോ എന്നറിയാൻ അന്വേഷണം ഊർജ്ജിതമാക്കി.


കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടുകളും കമ്പനി രേഖകളും വിശദമായി പരിശോധിക്കാൻ സ്വകാര്യ ഓഡിറ്റർമാരെ അന്വേഷണ സംഘം നിയോഗിച്ചു. രേഖകളിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നാണ് സംഘം പ്രധാനമായും നോക്കുന്നത്. സി.ജെ. റോയിയെ അലട്ടിയിരുന്നത് വ്യക്തിപരമായ പ്രശ്നങ്ങളാണോ അതോ ബിസിനസ് രംഗത്തെ മറ്റേതെങ്കിലും പ്രതിസന്ധികളാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories