ഓക്ലൻഡ്: ന്യൂസിലൻഡിലെ സൗത്ത് ഓക്ലൻഡിൽ പാപാറ്റോയിറ്റോ സെൻട്രൽ സ്കൂളിന് സമീപമുള്ള പൊതുനടപ്പാതയിൽ ഇന്ത്യക്കാരെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന വംശീയ ചുവരെഴുത്തുകൾ. ഇന്ത്യൻ സമൂഹത്തെ നടുക്കിയ വിദ്വേഷ പ്രചാരണം വലിയ പ്രതിഷേധത്തിനും ആശങ്കക്കും .ഏപ്രിൽ 11നാണ് കേസിനാസ്പദമായ സംഭവം പുറംലോകമറിയുന്നത്. സ്കൂൾ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ നിത്യേന സഞ്ചരിക്കുന്ന പാപാറ്റോയിറ്റോ സെൻട്രൽ സ്കൂളിന് മുന്നിലെ കാൽനടയാത്രക്കാർക്കുള്ള വഴിയിലാണ് ചുവന്ന പെയിന്റിൽ ‘ഇന്ത്യക്കാരെ കൊന്നൊടുക്കുക’ (Kill All Indians) എന്ന ഭീഷണി സന്ദേശം എഴുതിയിരുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ പരിഭ്രാന്തരായ നാട്ടുകാർ പ്രാദേശിക ഭരണകൂടത്തെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് നഗരത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 'ബ്യൂട്ടിഫിക്കേഷൻ ട്രസ്റ്റ്' ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഈ വിദ്വേഷ സന്ദേശം അടിയന്തരമായി തുടച്ചുനീക്കി.ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന മേഖലയാണ് പാപാറ്റോയിറ്റോ. അതുകൊണ്ടുതന്നെ ഈ സംഭവം കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ന്യൂസിലൻഡ് പോലൊരു സമാധാനപ്രിയമായ രാജ്യത്ത് വർധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിവിധ ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെട്ടു. പ്രതികളെ തിരിച്ചറിയുന്നതിനായി വിദ്യാലയത്തിന് മുന്നിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സംഭവം വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പൊലീസ് ഇൻസ്‌പെക്ടർ ഡേവ് ക്രിസ്റ്റോഫേഴ്സൺ അറിയിച്ചു.