Share this Article
News Malayalam 24x7
നിരന്തരം മുഖത്തടിച്ചു, മൂക്കിന് പൊട്ടൽ, ഗെയിം കളിക്കുന്നത് തടഞ്ഞ മലയാളി അധ്യാപികയ്ക്ക് എട്ടാംക്ലാസുകാരന്റെ മർദ്ദനം
വെബ് ടീം
posted on 14-04-2026
1 min read
smitha

തിരുവനന്തപുരം: മാലദ്വീപിൽ മലയാളി അധ്യാപികയെ എട്ടാംക്ലാസുകാരൻ മർദിച്ചതായി പരാതി. മാലദ്വീപിലെ സ്‌കൂളിൽ അധ്യാപികയായ സ്മിത എൻ. പിള്ളയ്ക്കാണ് മർദനമേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സ്മിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കമ്പ്യൂട്ടർ ലാബിൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ് എട്ടാംക്ലാസുകാരനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കമ്പ്യൂട്ടറിൽ ഗെയിം കളിക്കരുതെന്ന് അധ്യാപിക പലതവണ വിദ്യാർഥിയോട് പറഞ്ഞിരുന്നു. എന്നാൽ, വിദ്യാർഥി അനുസരിച്ചില്ല. തുടർന്ന് ഗെയിം കളിക്കുന്നത് മൊബൈലിൽ റെക്കോഡ് ചെയ്ത് പ്രിൻസിപ്പലിന് കൈമാറുമെന്ന് അധ്യാപിക പറഞ്ഞു. ഇതിനുപിന്നാലെയാണ് വിദ്യാർഥി അക്രമാസക്തനായത്.

ആദ്യം അധ്യാപികയുടെ ഫോൺ എടുത്തെറിഞ്ഞ വിദ്യാർഥി, തൊട്ടുപിന്നാലെ നിരന്തരം മുഖത്തടിച്ചെന്നാണ് പറയുന്നത്. മുടി പിടിച്ചുവലിക്കുകയും മർദനം തുടരുകയുംചെയ്തു. മർദനമേറ്റ് അധ്യാപികയുടെ മൂക്കിൽനിന്ന് ചോരവന്നു. പിന്നാലെ അധ്യാപിക ബോധരഹിതയായി വീണു. സംഭവം കണ്ടെത്തിയ സഹപ്രവർത്തകരാണ് എട്ടാംക്ലാസുകാരനെ പിടിച്ചുമാറ്റിയത്. ഉടൻതന്നെ ഇവർ അധ്യാപികയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.മർദനമേറ്റ് സ്മിതയുടെ മൂക്കിന് പൊട്ടലുണ്ടെന്നും പത്തുദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്ന് ഭർത്താവ് ദീപക് പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അവിടെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നാട്ടിൽവന്ന് ശസ്ത്രക്രിയ ചെയ്യാനാണ് തീരുമാനം. അതിനുമുൻപായി ഇന്ത്യൻ ഹൈക്കമ്മീഷണർക്കും പോലീസിനും വീണ്ടും പരാതി നൽകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ട് മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി സംസാരിച്ചിരുന്നു. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ഹൈക്കമ്മീഷണർ മന്ത്രിക്ക് ഉറപ്പുനൽകിയതായും ദീപക് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories