Share this Article
News Malayalam 24x7
ഇതിഹാസതാരം ഷെയ്ൻ വോണിന്റെ മരണം കോവിഡ് വാക്സിൻ മൂലമെന്ന് മകൻ ജാക്സൺ
വെബ് ടീം
posted on 14-04-2026
1 min read
shane warne

മെൽബൺ: ക്രിക്കറ്റ് ഇതിഹാസവും ഓസ്‌ട്രേലിയൻ സ്പിൻ മാന്ത്രികനുമായിരുന്ന ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ കോവിഡ് വാക്സിനാണെന്ന വെളിപ്പെടുത്തലുമായി മകൻ ജാക്സൺ വോൺ. 2022ൽ തായ്ലാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോണിന്റെ അന്ത്യം. അന്ന് സ്വാഭാവിക മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും, കോവിഡ് വാക്സിൻ, വോണിന്റെ ആരോഗ്യപ്രശ്നങ്ങളെ വഷളാക്കിയെന്നാണ് ജാക്സൺ ഇപ്പോൾ അവകാശപ്പെടുന്നത്.ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ജാക്സൺ തന്റെ നിലപാട് വ്യക്തമാക്കിയത്. വോണിന്റെ മരണവാർത്ത കേട്ട നിമിഷം തന്നെ താൻ പഴിചാരിയത് സർക്കാരിനെയും വാക്സിനെയുമാണെന്ന് ജാക്സൺ പറഞ്ഞു. ‘വാക്സിൻ എന്റെ പിതാവിന്റെ മരണത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിപ്പോൾ ഒരു വിവാദമായ കാര്യമായി എനിക്ക് തോന്നുന്നില്ല. പുറത്തുവരുന്ന കണക്കുകൾ നോക്കിയാൽ അത് വ്യക്തമാണ്. അച്ഛന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും, വാക്സിൻ അത് പെട്ടെന്ന് പുറത്തുകൊണ്ടുവരാൻ കാരണമായിട്ടുണ്ടാകും’ - ജാക്സൺ വോൺ പറഞ്ഞു.വോണിന് വാക്സിൻ എടുക്കാൻ താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ ജോലിയുടെ ഭാഗമായുള്ള യാത്രകൾക്കായി അദ്ദേഹം മൂന്നോ നാലോ ഡോസുകൾ എടുക്കാൻ നിർബന്ധിതനായെന്നും ജാക്സൺ വെളിപ്പെടുത്തി. മരണസമയത്ത് വോൺ ആരോഗ്യവാനായിരുന്നുവെന്നും മുമ്പത്തേക്കാൾ നല്ല രീതിയിലായിരുന്നു അദ്ദേഹം കാണപ്പെട്ടിരുന്നതെന്നും മകൻ ഓർത്തെടുത്തു. മദ്യപാനവും പുകവലിയും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കിലും 80ഉം 90ഉം വയസ്സുവരെ അത്തരം ശീലങ്ങളുള്ളവർ ജീവിച്ചിരിക്കാറുണ്ടെന്നും വോണിന്റെ മരണം അകാലത്തിലാണെന്നും ജാക്സൺ കൂട്ടിച്ചേർത്തു.മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (MCG) സംഘടിപ്പിച്ച ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ വെച്ച് തനിക്ക് ഈ സത്യം വിളിച്ച് പറയണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് സംയമനം പാലിക്കുകയായിരുന്നുവെന്നും ജാക്സൺ വെളിപ്പെടുത്തി. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ തന്റെ ജീവിതം തന്നെ മറ്റൊരു രീതിയിലാകുമായിരുന്നുവെന്നും ജാക്സൺ പറയുന്നു.

ആസ്ട്രേലിയക്കായി 145 ടെസ്റ്റുകളിലും 194 ഏകദിനങ്ങളിലും കളിച്ച വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ 1001 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് ഇന്നും വോണിന്റെ പേരിലാണ്. 2022 മാർച്ച് 4നാണ് ക്രിക്കറ്റ് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഷെയ്ൻ വോൺ വിടവാങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories