കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം നേതാക്കൾക്ക് കനത്ത തിരിച്ചടി. കേസിൽ പ്രതികളായ സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി കണ്ടെത്തി. എ.സി. മൊയ്തീൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി, സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസിലെ പ്രതികളായ 28 പേർക്കും ജൂലൈ 4-ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
നേരത്തെ ബാങ്ക് ഭരണസമിതി അംഗങ്ങളായ 53 പേർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കുകയും അതിൽ വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന സി.പി.എം നേതാക്കളെക്കൂടി ഉൾപ്പെടുത്തി ഇഡി അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
2012-2013 കാലയളവിൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിലെ വലിയ സാമ്പത്തിക ക്രമക്കേടുകൾക്ക് തുടക്കമിട്ടതെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഒരേ ഈടിന്മേൽ ഒന്നിലധികം വായ്പകൾ അനുവദിച്ചും കോടിക്കണക്കിന് രൂപയുടെ വായ്പകൾ ക്രമരഹിതമായി അനുവദിക്കാൻ പാർട്ടി നേതാക്കൾ തന്നെ നേതൃത്വം നൽകിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ ശരിവെച്ചുകൊണ്ടാണ് പ്രത്യേക കോടതി ഇപ്പോൾ നേതാക്കൾക്കെതിരെയുള്ള വിചാരണ നടപടികളിലേക്ക് കടന്നിരിക്കുന്നത്.