Share this Article
News Malayalam 24x7
അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് വൻ ജന പിന്തുണ
K Annamalai's New Political Movement


തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വൻ ജനപിന്തുണ ലഭിക്കുന്നതായി റിപ്പോർട്ട്. 'വി ദി ലീഡേഴ്‌സ്' (We The Leaders) എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പുതിയ സംഘടനയ്ക്ക് മണിക്കൂറുകൾക്കകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

സംഘടന ആരംഭിച്ച് ചുരുങ്ങിയ മണിക്കൂറുകൾക്കകം പത്ത് ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ ഇതിൽ അംഗങ്ങളായതായാണ് ലഭിക്കുന്ന വിവരങ്ങൾ. നിരവധി ബിജെപി പ്രവർത്തകരും ഇതിനകം പാർട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേർന്നിട്ടുണ്ട്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.പി.ജെ. അബ്ദുൽ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ് എന്ന പ്രസ്ഥാനത്തിന് കീഴിലുള്ള ഒരു സ്ഥാപനമായായിരിക്കും 'വി ദി ലീഡേഴ്‌സ്' പ്രവർത്തിക്കുക. 

നിലവിൽ ഒരു സംഘടന എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ കൂട്ടായ്മ വൈകാതെ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറിയേക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് നടൻ പ്രകാശ് രാജ്, ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രമുഖർ പിന്തുണ അറിയിച്ചിട്ടുമുണ്ട്.


മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ 2020-ലാണ് ഔദ്യോഗിക ജോലി രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. തുടർന്ന് 2021 മുതൽ 2025 വരെ ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിജെപി നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളെത്തുടർന്നാണ് അദ്ദേഹം ഇന്നലെ പാർട്ടി വിട്ടത്. പുതിയ വഴിയിലൂടെ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories