Share this Article
News Malayalam 24x7
നവകേരള യാത്ര; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ച്
Nava Kerala Sadas Case

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് എസ്ഐടിയുടെ ഈ നിർണ്ണായക നീക്കം. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം (ഐപിസി 308) ചുമത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിദഗ്ദ്ധ മെഡിക്കൽ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയതെന്ന് എസ്ഐടി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഇതിന് പുറമെ, കേസിന്റെ ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് തിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉന്നത നിർദ്ദേശപ്രകാരമാണ് ആദ്യ റിപ്പോർട്ടിൽ മാറ്റം വരുത്തിയതെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.


മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾ നിലവിൽ ഒളിവിലാണ്. മർദ്ദന ദൃശ്യങ്ങൾ പകർത്തുന്നതിൽ പൊലീസ് ഫോട്ടോഗ്രാഫർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വാഹനത്തിന് ഏറെ പിന്നിലായി പൈലറ്റ് വാഹനത്തിലായിരുന്നതിനാലാണ് സംഭവദൃശ്യങ്ങൾ ലഭിക്കാതിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ കൂടുതൽ മൊഴികളും തെളിവുകളും ശേഖരിച്ച് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories