നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ ക്രമക്കേട് എന്നിവയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് പൊലീസ് അനുമതി നൽകി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഇന്ന് രാവിലെ അമേരിക്കയിൽ നിന്നും ഡൽഹിയിലെത്തി.
കയ്യിൽ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് അഭിജിത് ദീപ്കെ ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ജന്തർ മന്തറിൽ സമാധാനപരമായ രീതിയിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് പാർട്ടി അറിയിച്ചു. ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചതിനാൽ നേരത്തെ തീരുമാനിച്ചിരുന്ന പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ മാർച്ച് ഒഴിവാക്കി, പ്രവർത്തകരോട് നേരിട്ട് ജന്തർ മന്തറിലേക്ക് എത്തിച്ചേരാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.
സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലും ജന്തർ മന്തറിലും ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും അർദ്ധസൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അർദ്ധസൈനിക വിഭാഗങ്ങൾ അടക്കമുള്ള സുരക്ഷാ സേനയെ വിമാനത്താവളത്തിൽ വിന്യസിച്ചതിനാൽ അവിടുത്തെ തിരക്ക് ഒഴിവാക്കാൻ പ്രവർത്തകർ ആരും തന്നെ അടിയന്തിരമായി വിമാനത്താവളത്തിലേക്ക് എത്തരുതെന്നും സമാധാനപരമായി ജന്തർ മന്തറിലേക്ക് പോകണമെന്നും സിജെപി നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് തികച്ചും ശാന്തമായ രീതിയിലായിരിക്കും സമരം നടക്കുക. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും സമാധാനത്തിന്റെ പ്രതീകമായി പൂക്കൾ നൽകുമെന്നും സിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. ഈ പ്രതിഷേധത്തിന് നടൻ പ്രകാശ് രാജ്, ശിവസേന (UBT) നേതാവ് ആദിത്യ താക്കറെ, അരവിന്ദ് കെജ്‌രിവാൾ എന്നിവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.