കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് ബാധകമായിരിക്കും. ഇതിന് പുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ മണലൂരിൽ കനത്ത മഴയ്ക്കിടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് യുവാവ് മരണപ്പെട്ടു. മണലൂർ സ്വദേശി ത്രിവിഷ്ണു (27) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ വിഷ്ണുവിന്റെ അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു ഈ വീട്ടിൽത്തന്നെയാണ് തുടർന്നത്. കനത്ത മഴയിൽ വിഷ്ണു കിടന്നിരുന്ന മുറിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി വിഷ്ണുവിനെ പുറത്തെടുത്ത് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. നഗരപ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായതെന്ന് പരക്കെ ആക്ഷേപമുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്.