കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നയം രൂപീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ വിഷയം പരിശോധിച്ച് തക്കതായ ഉത്തരവ് പുറപ്പെടുവിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്.
പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. കെഎസ്ആർടിസിയിലെ മൂന്ന് വനിതാ കണ്ടക്ടർമാരും 'ഫോറം ഫോർ ജസ്റ്റിസ്' (FFJ) എന്ന സംഘടനയും സംയുക്തമായാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വനിതാ ജീവനക്കാർക്ക് ഇത്തരമൊരു അവധി അനിവാര്യമാണെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലേക്ക് കൊണ്ടുവരാനാണ് കോടതിയുടെ നിർദ്ദേശം.