കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സർവീസ് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. സേവനത്തിന്റെ നിലവാരം മോശമാണെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി.
ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള 'സിങ്കു സർവീസസ്' എന്ന സ്ഥാപനത്തിനായിരുന്നു കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. യാത്രക്കാർക്കിടയിൽ നിന്നും സേവനത്തെക്കുറിച്ച് ഉയർന്ന പരാതികളെത്തുടർന്നാണ് കരാർ ഏജൻസിക്ക് നോട്ടീസ് നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ പുതിയ കൊറിയർ ബുക്കിംഗുകൾ കെഎസ്ആർടിസി സ്വീകരിക്കുന്നില്ല.
ആദ്യഘട്ടത്തിൽ കെഎസ്ആർടിസി നേരിട്ടാണ് കൊറിയർ സർവീസുകൾ നടത്തിയിരുന്നത്. പിന്നീട് കൂടുതൽ പ്രൊഫഷണലായി സേവനം മെച്ചപ്പെടുത്തുന്നതിനായി ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകുകയായിരുന്നു. എന്നാൽ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കണക്കിലെടുത്ത് നിലവിൽ സർവീസ് നിർത്തിവെക്കാൻ കെഎസ്ആർടിസി നിർബന്ധിതമായിരിക്കുകയാണ്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.