പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടയിൽ, മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. മിസൈലുകൾ തകർത്തതായും അമേരിക്കൻ സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിർത്തുന്നതിനായി യുദ്ധം പുനരാരംഭിക്കുന്നത് ഉൾപ്പെടെ ഏത് നടപടിയും സ്വീകരിക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗാരി വ്യക്തമാക്കി.
ഇതിനിടയിൽ, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇറാഖിൽ നിന്ന് ഇറാനുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് സൗദി അറേബ്യ ആരോപിച്ചു. എന്നാൽ ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലെ ഡ്രോണുകൾ തകർത്തതായും സൗദി അധികൃതർ അറിയിച്ചു.
പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആണവായുധം കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നെതന്യാഹു വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.