സാധാരണക്കാർക്ക് വീണ്ടും തിരിച്ചടിയായി ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. പുതിയ വിലവർദ്ധനവോടെ കേരളത്തിൽ ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർദ്ധിപ്പിക്കുന്നത്.
പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി വർദ്ധിച്ചിട്ടുണ്ട്. നേരത്തെ മാർച്ച് മാസത്തിൽ പാചകവാതകത്തിന് 60 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധപ്രതിസന്ധികളാണ് ഇപ്പോൾ വില വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
തുടർച്ചയായുണ്ടാകുന്ന പാചകവാതക വിലക്കയറ്റം സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റിന് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില ഉയർന്നതിന് പിന്നാലെയാണ് ഗാർഹിക സിലിണ്ടറുകൾക്കും വില കൂട്ടിയത്. കടുത്ത ജീവിതച്ചെലവിനിടയിൽ നേരിടേണ്ടി വരുന്ന ഈ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റ് കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.