Share this Article
News Malayalam 24x7
സലിം കുമാറിന്റെ വിയോഗം: ദുഃഖം പങ്കുവെച്ച് രാഷ്ട്രീയ, സാംസ്‌കാരിക ലോകം
Leaders and Film Industry Pay Tribute to Late Malayalam Actor Salim Kumar

ജനപ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖർ. സലിം കുമാറുമായുള്ള വ്യക്തിബന്ധവും അദ്ദേഹത്തിന്റെ കലാജീവിതവും ഓർത്തെടുത്തുകൊണ്ടാണ് പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.

കൂടപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടത്: വി.ഡി. സതീശൻ

വെറുമൊരു ചലച്ചിത്ര താരത്തെയല്ല, തനിക്ക് സ്വന്തം കൂടപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിൽ വെച്ച് തനിക്ക് നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു സലിം കുമാറിന്റെ അവസാനത്തെ പൊതുപരിപാടി. സ്ഥാനമാനങ്ങൾക്ക് വേണ്ടി പലരും നിലപാടുകൾ വ്യക്തമാക്കാൻ മടിച്ചിരുന്നപ്പോഴും, കോൺഗ്രസ് രാഷ്ട്രീയം പൊതുവേദികളിൽ തുറന്നുപറയാൻ അദ്ദേഹം മടികാട്ടിയില്ല. ദാരിദ്ര്യത്തിൽ നിന്ന് വളർന്ന് ദേശീയ പുരസ്കാര വേദിയിലും ഓസ്കാർ നോമിനേഷൻ വരെയും എത്തിയ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും വലിയ ഊർജ്ജമായിരുന്നുവെന്നും വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.


കലാകാരന്മാർക്ക് എക്കാലവും പ്രചോദനം: മുഖ്യമന്ത്രി പിണറായി വിജയൻ
മിമിക്രി കലാകാരനിൽ നിന്ന് തുടങ്ങി ദേശീയ പുരസ്കാരം നേടിയ മികച്ചൊരു നടനായി വളർന്ന സലിം കുമാറിന്റെ കലാജീവിതം വളർന്നുവരുന്ന കലാകാരന്മാർക്ക് എക്കാലവും വലിയൊരു പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.


വികാരനിർഭരമായ കുറിപ്പുമായി മമ്മൂട്ടി
"ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലിം..." എന്ന ഹൃദയസ്പർശിയായ വരികളിലൂടെയാണ് നടൻ മമ്മൂട്ടി തന്റെ പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചത്. സഹോദരതുല്യനായ സലിമിന്റെ വിയോഗം തീരാത്ത സങ്കടമായി അവശേഷിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.


ധൈര്യത്തിന്റെ കൂടെപ്പേരായിരുന്നു സലിം കുമാർ: കെ.സി. വേണുഗോപാൽ
സലിം കുമാർ ആത്മാർത്ഥതയുള്ളൊരു കോൺഗ്രസുകാരനായിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുസ്മരിച്ചു. കോൺഗ്രസുകാരനായതിന്റെ പേരിൽ തനിക്ക് വന്നുചേരാമായിരുന്ന നേട്ടങ്ങളെയോ നഷ്ടങ്ങളെയോ കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നില്ല. വ്യക്തിപരമായി വളരെ അടുത്തൊരു സുഹൃത്തായിരുന്ന സലിമിന്റെ ഓർമ്മകൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും അദ്ദേഹത്തെ സ്നേഹിച്ചവരുടെയും ഹൃദയത്തിൽ എന്നും ജീവിക്കുമെന്നും കെ.സി. വേണുഗോപാൽ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories