സിഎം ആർ എൽ- എക്സലോജിക്ക് ഇടപാട് കേസിൽ വീണ ടി ക്കെതിരെ തെളിവ് തേടി ഇ ഡി. കേസിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കസ്റ്റഡിയിലെടുത്ത സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ഇഡി എറണാകുളം പിഎംഎൽഎ (PMLA) കോടതിയെ സമീപിച്ചു.
കേസുമായി ബന്ധപ്പെട്ട 134 സുപ്രധാന രേഖകൾ തങ്ങൾക്ക് വിട്ടുനൽകണമെന്നാണ് ഇഡി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ടി. വീണയും സിഎംആർഎല്ലും തമ്മിൽ 2016-ൽ ഒപ്പിട്ട കരാർ, എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ 2017-ലുണ്ടാക്കിയ കരാറുകൾ, എക്സാലോജിക്കിന്റെ സാമ്പത്തിക രേഖകൾ, വീണയുടെ ആദായനികുതി വിവരങ്ങൾ (IT returns), എംപവർ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, വീണയുടെ വായ്പാ വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികളെ നേരിട്ട് ചോദ്യം ചെയ്യുന്നതിന് മുൻപായി ശക്തമായ രേഖാമൂലമുള്ള തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. ഈ രേഖകൾ വിശകലനം ചെയ്ത ശേഷമായിരിക്കും ടി. വീണ, സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത എന്നിവരെ ചോദ്യം ചെയ്യാനായി സമൻസ് അയച്ച് വിളിച്ചുവരുത്തുക. നിലവിൽ എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള രേഖകൾ ലഭിക്കുന്നതോടെ കേസ് അന്വേഷണത്തിൽ നിർണ്ണായക പുരോഗതിയുണ്ടാകുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.