Share this Article
News Malayalam 24x7
ആഗോള അയ്യപ്പ സംഗമം; ഒന്നിനും കണക്കില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
Irregularities in Global Ayyappa Sangamam

ശബരിമല വികസനം ലക്ഷ്യമിട്ട് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സംഘാടനത്തിലെ വീഴ്ചകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും സാമ്പത്തിക ഇടപാടുകളിൽ ഒട്ടും സുതാര്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പരിപാടിയുടെ ഭാഗമായി നടന്ന പന്തൽ നിർമ്മാണം ഉൾപ്പെടെയുള്ള പ്രധാന ജോലികൾ യാതൊരുവിധ ടെൻഡർ നടപടികളുമില്ലാതെയാണ് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നൽകിയത്. ഊരാളുങ്കലിന്റെ ഒരു സഹ കമ്പനിക്കാണ് ഈ കരാറുകൾ നൽകിയതെന്നും ഇതിൽ വലിയ ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിലുണ്ട്. വിഐപികൾക്കായി പമ്പയിൽ ശീതീകരിച്ച പന്തലുകളും ആഡംബര ഭക്ഷണവും താമസസൗകര്യങ്ങളും ഒരുക്കിയതിൽ വലിയ രീതിയിലുള്ള ധൂർത്ത് നടന്നതായാണ് കണ്ടെത്തൽ. ഭക്ഷണ ക്രമീകരണത്തിലും കിടക്കകൾ ഒരുക്കിയതിലും വരെ അഴിമതി നടന്നതായി സ്പെഷ്യൽ കമ്മീഷണർ കോടതിയെ അറിയിച്ചു.


ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമല വികസനത്തിന് വലിയ തോതിൽ ഫണ്ട് സമാഹരിക്കാൻ കഴിയുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടിരുന്നെങ്കിലും ഫലത്തിൽ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.


പരിപാടിക്കായി ആകെ 7.5 കോടി രൂപയോളം ചെലവായതായാണ് കണക്കാക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്ന കരുതല് ധനത്തിൽ നിന്ന് മൂന്ന് കോടി രൂപ അഡ്വാൻസ് എടുത്താണ് സംഗമം നടത്തിയത്. എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ ഏകദേശം 3.5 കോടി രൂപയുടെ ബാധ്യത തിരുവിതാങ്കൂർ ദേവസ്വം ബോർഡിന് അധികമായി ഉണ്ടായിരിക്കുകയാണ്.


പരിപാടിയുടെ എല്ലാ നടപടിക്രമങ്ങളും സുതാര്യമായിരിക്കണമെന്നും കൃത്യമായ ഓഡിറ്റിംഗ് വേണമെന്നും ഹൈക്കോടതി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പന്തൽ നിർമ്മാണം മുതൽ ഭക്ഷണം വരെയുള്ള ഒരു കാര്യത്തിലും കൃത്യമായ കണക്കുകളോ നടപടിക്രമങ്ങളോ പാലിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ കമ്മീഷണറുടെ ഈ റിപ്പോർട്ട് ഹൈക്കോടതി ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കോടതിയുടെ ഭാഗത്തുനിന്നും നിർണ്ണായക ഇടപെടലുകൾ ഉണ്ടായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories