കണ്ണൂർ: ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്താക്കി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് ഈ നടപടി.നേരത്തെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയായിരുന്നു.
ഡോ. റാമിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് വിദ്യാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്.അധ്യാപകൻ എന്ന പേരിന് പോലും അർഹതയില്ലാത്ത വിധം വർണ്ണ-ജാതി അധിക്ഷേപങ്ങളാണ് ഇയാൾ നടത്തിയിരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ചെരുപ്പിട്ട് ക്ലാസിൽ വന്ന വിദ്യാർത്ഥിയെ 'കോളനി' എന്ന് വിളിച്ചും ഗോത്രവർഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിച്ചും റാം ആനന്ദം കണ്ടെത്തിയിരുന്നു.വിദ്യാർത്ഥികളെ 'ഡാർക്ക്', 'ഫാറ്റി', 'ലീൻ' എന്നിങ്ങനെ വിളിച്ച് ക്ലാസിൽ നിരന്തരം അപമാനിക്കാറുണ്ട്. രക്ഷിതാക്കളുടെ സാമ്പത്തിക-സാമൂഹിക പദവി നോക്കിയാണ് റാം അവരോട് സംസാരിച്ചിരുന്നത്. ദരിദ്രരായ രക്ഷിതാക്കളോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയിരുന്നത്.നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിയായിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. മറ്റൊരു അധ്യാപികയായ ഡോ. സംഗീത നമ്പ്യാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.