ന്യൂയോർക്ക്: മെയ് 4ന് ആർക്കാവും ഭൂരിപക്ഷമെന്നും ഏതു മുന്നണി അധികാരത്തിൽ വരുമെന്നതും സംസ്ഥാനത്ത് രണ്ട് പേരിൽ കൂടുന്ന ഇടങ്ങളിലെല്ലാം തന്നെ ചർച്ചയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ചർച്ചകൾ കടൽ കടന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള 'പോളിമാർക്കറ്റ്' എന്ന പ്രവചന വിപണിയിലും സജീവമായി. എന്നാൽ അഭിപ്രായ സർവേകളെ പോലും അമ്പരപ്പിക്കുന്ന പന്തയമാണ് നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
വോട്ടെടുപ്പ് ദിവസം വരെ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ചിരുന്ന വിപണിയിൽ, പോളിംഗ് പുരോഗമിക്കവെ എൽഡിഎഫിന്റെ വിജയസാധ്യത കുത്തനെ ഉയർന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു.രാവിലെ വരെ വിജയസാധ്യതയിൽ മുന്നിലായിരുന്ന യുഡിഎഫിന്റെ ഗ്രാഫ് പെട്ടെന്ന് താഴേക്ക് പതിക്കുകയും എൽഡിഎഫിന്റെ സാധ്യത 80 ശതമാനത്തിലേക്ക് കുതിച്ചുയരുകയും ചെയ്തു. വോട്ടെടുപ്പ് പുരോഗമിക്കവെ ഉണ്ടായ ഈ 'ട്വിസ്റ്റ്' രാഷ്ട്രീയ നിരീക്ഷകരെയും ടെക് വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
ക്രിപ്‌റ്റോ കറൻസിയിലൂടെ കോടീശ്വരനായ ഷെയ്ൻ കോപ്ലാൻ സ്ഥാപിച്ച പോളിമാർക്കറ്റ്, ലോകത്തെ പ്രധാന സംഭവങ്ങളിൽ പണം വെച്ച് പ്രവചനം നടത്താൻ സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ്. ഡോണൾഡ് ട്രംപ് ജൂനിയർ, പീറ്റർ തീൽ തുടങ്ങിയ പ്രമുഖർക്ക് നിക്ഷേപമുള്ള ഈ പ്ലാറ്റ്‌ഫോം, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ബെറ്റിംഗ് സൈറ്റുകൾ നിയമപരമായ തടസങ്ങളും കൃത്രിമത്വ ആരോപണങ്ങളും നേരിടുന്നുണ്ട്.
കേരളത്തിലെ വോട്ടർമാരെയോ പൊതുജനങ്ങളെയോ ഈ പ്രവചനങ്ങൾ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.