വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാനാവാതെ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിൽ. ഡൽഹിയിൽ നടന്ന രണ്ടാം ഘട്ട സ്ക്രീനിങ് കമ്മിറ്റി യോഗവും തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗവും തർക്കമണ്ഡലങ്ങളിൽ തീരുമാനമാകാതെ പിരിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച 'പുതുയുഗ യാത്ര'യുടെ സമാപനത്തോടെ പട്ടിക പുറത്തിറക്കുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഗ്രൂപ്പ് പോരും ഘടകകക്ഷികളുടെ അവകാശവാദങ്ങളും തിരിച്ചടിയാവുകയാണ്.
ഇടുക്കി സീറ്റിനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചുനിൽക്കുന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. റോഷി അഗസ്റ്റിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പ്രാദേശിക വികാരം. നാട്ടികയിൽ സി.പി.ഐ വിട്ടു വന്ന എം.എൽ.എ സി.സി. മുകുന്ദനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
തലസ്ഥാന ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ ഉയർന്നുവരുന്നത് അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സീറ്റിനായി വി.എസ്. ശിവകുമാർ സമ്മർദ്ദം ചെലുത്തുമ്പോൾ, ഈ സീറ്റ് സി.എം.പിയുടെ സി.പി. ജോണിന് നൽകുന്നതിനെ ഡി.സി.സി ശക്തമായി എതിർക്കുന്നു. അരുവിക്കരയിൽ കെ.എസ്. ശബരിനാഥന്റെ പേരിനാണ് മുൻതൂക്കം. വർക്കലയിൽ സിറ്റിംഗ് സീറ്റിൽ മാറ്റം വരുത്തി വർക്കല കഹാറിനെ തിരികെ കൊണ്ടുവരാനും ആലോചനയുണ്ട്.
കൊല്ലത്ത് ചാത്തന്നൂർ, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളെ ചൊല്ലി ഫോർവേർഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ കക്ഷികളുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാനായിട്ടില്ല. ആലപ്പുഴയിൽ അബിൻ വർക്കിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെയും ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്.
സ്ഥാനാർത്ഥി ചർച്ചകളിൽ അതൃപ്തനായ മുതിർന്ന നേതാവ് കെ. സുധാകരന്റെ നിലപാടുകൾ ഹൈക്കമാൻഡിനെ ആശങ്കയിലാക്കുന്നു. ഇതിനിടെ 'സേവ് കോൺഗ്രസ് ഫോറം' എന്ന പേരിൽ സംസ്ഥാനത്തുടനീളം നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. മാർച്ച് മൂന്നാം വാരത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നത് അണികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ട് തർക്കങ്ങൾ പരിഹരിക്കുമെന്നാണ് സൂചന.