നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് തഞ്ചാവൂരിൽ നടത്തിയ റാലിക്കിടെ ഉണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.
തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ തടിച്ചുകൂടിയ ആരാധകർ വിജയ്‌യുടെ വാഹനം പിന്തുടരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ടും വാഹനങ്ങളുടെ അമിതവേഗത കാരണവുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ഓരോ പരിപാടികളിലും വൻ ജനസാഗരമാണ് എത്തുന്നത്. തഞ്ചാവൂരിലും ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിക്കെത്തിയത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് വലിയ സന്നാഹമൊരുക്കിയിരുന്നെങ്കിലും വാഹനവ്യൂഹത്തെ പിന്തുടർന്ന ആരാധകരെ തടയാൻ സാധിച്ചില്ല. ഒരാളുടെ നില ഗുരുതരമായി തുടരുന്നത് പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.