പാലക്കാട് ചികിത്സാപ്പിഴവ് മൂലം കൈ നഷ്ടപ്പെട്ട കുഞ്ഞിന് കൃത്രിമ കൈ വെച്ചുനൽകാൻ എല്ലാ സഹായവും ഉറപ്പുനൽകി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.വിനോദിനിക്ക് കൃത്രിമക്കൈ വച്ച് നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞതായി കുട്ടിയുടെ അച്ഛന്‍ അറിയിച്ചു. വി.ഡി.സതീശന്‍ നേരിട്ട് വിളിച്ചുവെന്നും മകള്‍ക്കു സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും പറഞ്ഞു. . കഴിഞ്ഞ സെപ്തംബര്‍ 24 നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് വേണ്ടത്ര ചികിത്സ കിട്ടാത്തതാണ് ഈ കൊടിയ ദുരിതത്തിന് കാരണമായത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്. ഗുരുതര അനാസ്ഥയില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല.ചികിത്സയൊക്കെ പൂർത്തിയാക്കി 9 വയസ്സുകാരി മേനോൻപാറയിലെ വീട്ടിലുണ്ട്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും തളരാതെ നിൽക്കണമെങ്കിൽ വിനോദിനിക്ക് ഒരു താങ്ങ് വേണം, കൃത്രിമ കൈ വേണം. ഷീറ്റ് മേഞ്ഞ വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിന് അത് താങ്ങില്ല. കാര്യമറിയിച്ച് കുടുംബം ജനപ്രതിനിധികളെയും ബന്ധപ്പെട്ട വകുപ്പുകളെയും സമീപിച്ചിരുന്നു. ജില്ലാ കലക്ടർക്ക് നിവേദനം കൈമാറിയിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച 2 ലക്ഷം രൂപ ഇതുവരെ ഉണ്ടായ ചിലവിനു പോലും തികഞ്ഞിരുന്നില്ല.