മന്നത്ത് പത്മനാഭൻ്റെ ജന്മവാർഷിക ദിനത്തിൽ, അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ മലയാളത്തിൽ കുറിപ്പ് പങ്കുവെച്ചു. സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹദ് വ്യക്തിത്വത്തെ ആദരവോടെ സ്മരിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം, ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് വിലയിരുത്തി. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിൻ്റെ അതുല്യമായ സംഭാവനകൾ പ്രോത്സാഹനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിനെ സൃഷ്ടിക്കാനുള്ള പ്രയാണത്തിൽ അദ്ദേഹത്തിൻ്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നു എന്നും പ്രധാനമന്ത്രി തൻ്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.