നെടുമ്പറമ്പിൽ ഫിനാൻസിൽ നിന്ന് പണം വാങ്ങിയെന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംപി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ സിൻഡിക്കേറ്റ് ആൻഡ് ഫൈനാൻസിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി രണ്ടര കോടി രൂപ വാങ്ങിയെന്നായിരുന്നു ഉദയഭാനു ആദ്യം ഉന്നയിച്ച ആരോപണം. ജയിലിൽ കഴിയുന്ന സന്ധ്യാധരൻ രാജീവ് നിക്ഷേപിച്ച തുകയാണ് എംപിക്ക് കൈമാറിയതെന്നും ഇതിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം വേണമെന്നും ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, ബാങ്ക് ഉടമ എൻ.എം. രാജുവും സമാനമായ ആരോപണവുമായി രംഗത്തെത്തി. താൻ രണ്ടര കോടി രൂപ നൽകിയെന്നും എന്നാൽ 20 ലക്ഷം രൂപ മാത്രമേ തിരികെ ലഭിച്ചുള്ളൂ എന്നും രാജു വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആന്റോ ആന്റണി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എൻ.എം. രാജുവിൽ നിന്ന് പണം വാങ്ങിയെന്നത് വാസ്തവമാണെങ്കിലും അത് കൃത്യമായി തിരികെ നൽകിയിട്ടുണ്ടെന്നും എംപി പറഞ്ഞു. എത്ര തുകയാണ് വാങ്ങിയതെന്ന കാര്യം തനിക്കും രാജുവിനും മാത്രമേ അറിയാവൂ എന്നും, രാജു ഇപ്പോൾ എൽ.ഡി.എഫിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും ആന്റോ ആന്റണി ആരോപിച്ചു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ആന്റോ ആന്റണി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് എംപിയുടെ തീരുമാനം.