ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വൻ സ്വർണക്കവർച്ച നടന്നതായി ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് സൂചന നൽകുന്നു. കൊടിമരം പൂശാനായി വാങ്ങിയതിലും ഭക്തർ സംഭാവന നൽകിയതിലും 233 ഗ്രാം സ്വർണം എവിടെയെന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സംസ്ഥാന വിജിലൻസ് പ്രത്യേക സംഘം അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
ദേവസ്വം ബോർഡ് നേരിട്ട് 9.16 കിലോഗ്രാം സ്വർണം കൊടിമര നിർമ്മാണത്തിനായി വാങ്ങിയിരുന്നു. ഇതിനു പുറമെ, ഒരു പ്രമുഖ മലയാള സിനിമാ താരവും സിനിമാ നിർമ്മാതാവും ഉൾപ്പെടെ 27 പേരിൽ നിന്ന് സംഭാവനയായി 412 ഗ്രാം സ്വർണം ലഭിച്ചിരുന്നു. ഈ സ്വർണം ഉപയോഗിച്ച് കൊടിമരം പൂശിയ ശേഷം ബാക്കി വരേണ്ടിയിരുന്ന 233 ഗ്രാം സ്വർണത്തിന്റെ കണക്കിൽ വ്യക്തതയില്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
കൊടിമര പുനർനിർമ്മാണത്തിനായി ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി. കുറുപ്പിനെതിരെയും റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ട്. ദേവസ്വം മാനുവൽ പ്രകാരം എക്സിക്യൂട്ടീവ് ഓഫീസർ സ്വീകരിക്കേണ്ട സ്വർണം, ചട്ടങ്ങൾ ലംഘിച്ച് അഡ്വക്കേറ്റ് കമ്മീഷണർ നേരിട്ട് കൈപ്പറ്റിയെന്നാണ് ആരോപണം. സംഭാവനയായി ലഭിച്ച സ്വർണം നേരിട്ട് സ്വർണ്ണപ്പണിക്കാർക്കും തിരുവാഭരണം കമ്മീഷണർക്കും നൽകുകയായിരുന്നുവെന്നും, ആരൊക്കെ എത്രത്തോളം സ്വർണം നൽകി എന്നത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോടതി നിർദ്ദേശപ്രകാരം ഒരു എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക വിജിലൻസ് സംഘമാകും കേസ് അന്വേഷിക്കുക. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സ്വർണം സംഭാവനയായി നൽകിയ സിനിമാ താരത്തിന്റെയും നിർമ്മാതാവിന്റെയും ഉൾപ്പെടെയുള്ളവരുടെ മൊഴികൾ വിജിലൻസ് സംഘം രേഖപ്പെടുത്തും.