Share this Article
News Malayalam 24x7
ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം നല്‍കും; നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവെക്കില്ല
No-Confidence Motion Against Om Birla Planned; TMC Abstains From Signing

ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നു. ഇന്ന് രാവിലെ ചേർന്ന 'ഇന്ത്യ' സഖ്യയോഗത്തിലാണ് സ്പീക്കർക്കെതിരെ നോട്ടീസ് നൽകാൻ അന്തിമ തീരുമാനമെടുത്തത്. ഇതിനായുള്ള ഒപ്പുശേഖരണം ദ്രുതഗതിയിൽ പൂർത്തിയാക്കി ഇന്ന് തന്നെ ലോക്സഭാ സെക്രട്ടറി ജനറലിന് ഔദ്യോഗികമായി നോട്ടീസ് നൽകും.

നിലവിൽ 102 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. ചട്ടപ്രകാരം 100 എംപിമാരുടെ ഒപ്പുണ്ടെങ്കിൽ അവിശ്വാസപ്രമേയവുമായി മുന്നോട്ട് പോകാൻ സാധിക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും പ്രമേയം സഭയുടെ പരിഗണനയ്ക്ക് വരിക.


തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തോട് താല്പര്യമില്ലാത്തതിനാൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി ഇതിൽ നിന്നും വിട്ടുനിൽക്കുകയാണ്. ശരത് പവാർ വിഭാഗം എൻ.സി.പി ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് 'ഇന്ത്യ' സഖ്യത്തിനൊപ്പം ചേർന്ന് നോട്ടീസിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു.


ബജറ്റ് ചർച്ച തുടങ്ങുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുക, വനിതാ എംപിമാർക്കെതിരെ സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാൽ സ്പീക്കറുടെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനെ തുടർന്നാണ് അവിശ്വാസപ്രമേയ നീക്കത്തിലേക്ക് പ്രതിപക്ഷം കടന്നത്.


ഇന്നും സഭാനടപടികൾ പ്രതിഷേധത്തിൽ മുങ്ങി. രാവിലെ സ്പീക്കർ ഓം ബിർല സഭയിൽ എത്തിയിരുന്നില്ല, പാനൽ ഓഫ് ചെയർമാൻ ആണ് സഭ നിയന്ത്രിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ 11 മണിക്ക് ആരംഭിച്ച സഭ മിനിറ്റുകൾക്കുള്ളിൽ തന്നെ 12 മണി വരെ നിർത്തിവെച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories