ശബരിമല കൊടിമര സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ചലച്ചിത്ര താരം ജയറാമിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടന് നോട്ടീസ് നൽകി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധം വ്യക്തമാക്കുന്നതിനാണ് ഇഡിയുടെ ഈ നടപടി.
നേരത്തെ ഇതേ കേസിൽ മുരാരി ബാബു, വിജയകുമാർ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജയറാമിനും സമൻസ് അയച്ചിരിക്കുന്നത്. മുൻപ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തപ്പോൾ, ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ച് മാത്രമാണ് പരിചയമെന്നാണ് ജയറാം മൊഴി നൽകിയിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം ചെന്നൈയിലെ ഒരു സ്ഥാപനത്തിലും പിന്നീട് സ്വന്തം വീട്ടിലും സ്വർണ്ണപ്പാളികൾ എത്തിച്ച് പൂജ നടത്തിയതായും ജയറാം അന്ന് വ്യക്തമാക്കിയിരുന്നു. ഈ പൂജകളിൽ നടൻ പങ്കെടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
സ്വർണ്ണപ്പാളികൾ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച് പൂജകൾ നടത്തുന്നതിന്റെ മറവിൽ ഉണ്ണികൃഷ്ണൻ പോറ്റി വലിയ തോതിൽ പണപ്പിരിവ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടിയതായും കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി സംശയിക്കുന്നുണ്ട്. ജയറാമിന്റെ വീട്ടിലേക്ക് സ്വർണ്ണപ്പാളികൾ എത്തിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. കേസിന്റെ വിവരങ്ങൾ ശേഖരിച്ച ശേഷം മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇഡി ചോദ്യം ചെയ്തേക്കും.