Share this Article
News Malayalam 24x7
‘തനിക്ക് 18 വയസ്സായി,ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും ഉയർത്തികാട്ടി, വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം; മതം മാറില്ലെന്നും മൊണലിസ ഭോസ്‌ലെ
വെബ് ടീം
1 hours 56 Minutes Ago
1 min read
monalisa

തിരുവനന്തപുരം: അഭയം തേടി കേരളത്തിലെത്തി പൂവാര്‍ അരുമാനൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ കുംഭമേളയിലെ ‘വൈറല്‍ സുന്ദരി’ മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനി മൊണലിസ ഭോസ്‌ലെയുടെ പ്രായത്തെ ചൊല്ലി ഡിജിപിയ്ക്ക് പരാതി. മൊണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ആണ്  ഡിജിപിയ്ക്ക്  പരാതി നല്‍കിയത്. എന്നാൽ തനിക്കു 18 വയസ്സ് പൂര്‍ത്തിയായെന്ന് മൊണലിസ ഉറപ്പിച്ചു പറയുന്നു.

പതിനെട്ടു വയസ്സ് കഴിഞ്ഞില്ലെങ്കില്‍ എങ്ങനെയാണ് കെ-സ്മാര്‍ട്ട് വഴി റജിസ്റ്റര്‍ ചെയ്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതെന്ന് വരന്‍ യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫര്‍മാനും ചോദിയ്ക്കുന്നു. പൂവാര്‍ പഞ്ചായത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചെന്ന് ഫര്‍മാന്‍ പറഞ്ഞു.

ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിക്കുകയും ചെയ്തു. മധ്യപ്രദേശില്‍നിന്നു നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രകാരം, 2008 ജനുവരി 1 ആണ് മോണലിയസയുടെ ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതു കൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും മോണലിസയും ഫര്‍മാനും പറഞ്ഞു.

മതം മാറില്ലെന്നും ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മോണലിസ പറഞ്ഞു. മോണലിസയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്നും അതില്‍ മതം മാറ്റത്തിന് പ്രസക്തിയില്ലെന്നും ഫര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിനോടു വലിയ നന്ദിയുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിവാഹത്തിനു വരുമെന്നു കരുതിയില്ല. ഇവിടെ എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു.

അതേസമയം, ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ജനുവരി 21ന് മോണലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ അമ്മയുമായി ബന്ധപ്പെട്ടെന്നും മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് അമ്മ പറയുന്നതെന്നും പരാതിയില്‍ പറയുന്നു. ശൈശവവിവാഹത്തിന്റെയും പോക്‌സോ നിയമത്തിന്റെയും പരിധിയില്‍ വരുന്ന വിഷയമാണെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. വിവാഹത്തിനു സൗകര്യം ഒരുക്കിയവര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും എതിരെ നടപടി സ്വീകരിക്കണം. വ്യാജരേഖ തയാറാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെടുന്നു.‌

ഇന്നലെ, പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ ഗുരുദേവ പ്രതിഷ്ഠയ്ക്കു മുന്നിലാണ് ഇവര്‍ താലി കെട്ടിയത്. ഇതര മതവിശ്വാസിയായ ഫര്‍മാനുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ തടസ്സം നില്‍ക്കുന്നെ ന്ന പരാതിയുമായാണ് മോണലിസ ഇന്നലെ രാവിലെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ പൊലീസ് അനുവദിച്ചതോടെയാണ് ഇരുവരും സുഹൃത്തിന്റെ സഹായത്തോടെ അരുമാനൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായത്.

മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എ.എ.റഹീം തുടങ്ങിയവര്‍ പിന്തുണയുമായെത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories