പശ്ചിമേഷ്യൻ സംഘർഷം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇറാൻ. യുഎഇ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച പത്ത് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി യുഎഇ അധികൃതർ അറിയിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സേനയും തിരിച്ചടി തുടരുകയാണ്.
സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മകൻ മോജ്തബ ഖമേനി ആദ്യമായി സ്റ്റേറ്റ് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. അയൽരാജ്യങ്ങളുമായി സൗഹൃദം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ആ രാജ്യങ്ങളിലെ മണ്ണിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇറാന്റെ ലക്ഷ്യമാണെന്ന് മുന്നറിയിപ്പ് നൽകി. യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടിയാൽ മാത്രമേ ആക്രമണം അവസാനിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ടെലിഫോണിൽ ചർച്ച നടത്തി. സംഘർഷം വർദ്ധിക്കുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും മോദി ആശങ്ക രേഖപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചു. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന അമേരിക്കൻ വിമാനം തകർത്തതായും നിരവധി ചരക്ക് കപ്പലുകൾ തകർത്തതായും ഇറാൻ അവകാശപ്പെട്ടു.