Share this Article
News Malayalam 24x7
ശബരിമല സ്വർണ്ണക്കവർച്ചാ കേസ്: താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എ. പത്മകുമാർ; സി.പി.എമ്മിന് വിശദീകരണം നൽകി
A. Padmakumar

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സി.പി.എം ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകി. കേസിൽ താൻ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്കോ സർക്കാരിനോ അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചിട്ടില്ലെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം. തന്നെ കേസിൽ അനാവശ്യമായി പ്രതിചേർത്തതാണെന്ന നിലപാടിലാണ് അദ്ദേഹം.

പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി തീരുമാനിക്കാൻ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് വരും തിങ്കളാഴ്ച യോഗം ചേരും. പത്മകുമാറിന്റെ വിശദീകരണം കൂടി പരിഗണിച്ചാകും പാർട്ടി അന്തിമ തീരുമാനമെടുക്കുക. കേസിൽ എട്ടാം പ്രതിയായ പത്മകുമാർ 105 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അടുത്തിടെ ജാമ്യത്തിലിറങ്ങിയത്.


അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ പുറത്താക്കിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പത്മകുമാറിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ച് മുഖം രക്ഷിക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പാർട്ടി ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗം നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories