സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണം നിർവഹിക്കും.
അർഹരായ എല്ലാവർക്കും മുൻഗണനാ കാർഡുകൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 7,16,692 കാർഡുകളാണ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റി നൽകിയത്. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുതൽ ശക്തമാവുകയാണ്.
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരുന്നവർ അവ സ്വമേധയാ തിരികെ നൽകിയതും സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനകളിലൂടെ കണ്ടെത്തിയ അനർഹരായവരെ ഒഴിവാക്കിയതുമാണ് ഇത്രയധികം അർഹരായ കുടുംബങ്ങൾക്ക് പുതിയ കാർഡുകൾ നൽകാൻ വഴിയൊരുക്കിയത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ കൃത്യമായ ഇടപെടലുകളിലൂടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു.