സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യമായ അഞ്ച് പ്രവൃത്തിദിനം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇതുസംബന്ധിച്ച ഫയൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. സർവീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയുടെ റിപ്പോർട്ടും ശുപാർശകളും അടങ്ങിയ ഫയലാണ് മന്ത്രിസഭയുടെ മുന്നിലെത്തുക.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രവൃത്തിദിനങ്ങൾ അഞ്ചാക്കി ചുരുക്കുമ്പോൾ ദിവസേനയുള്ള ജോലി സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കണമെന്ന കർശന നിർദ്ദേശം ഭരണപരിഷ്കാര കമ്മീഷനും ശമ്പള പരിഷ്കരണ കമ്മീഷനും മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ജോലി സമയം. ഇത് രാവിലെ 9 മുതൽ 5 വരെയോ അല്ലെങ്കിൽ 10 മുതൽ 6 വരെയോ ആക്കി മാറ്റാനാണ് ആലോചന.
ജോലി സമയം വർദ്ധിപ്പിക്കുന്നതിനോട് ഭൂരിഭാഗം സർവീസ് സംഘടനകളും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രവൃത്തിദിനം അഞ്ചാക്കുന്നതിന്റെ ഭാഗമായി പൊതു അവധി ദിവസങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ സംഘടനകൾ എതിർക്കുന്നു. നിലവിൽ രണ്ടാം ശനിയാഴ്ച മാത്രമാണ് ജീവനക്കാർക്ക് അവധിയുള്ളത്. പുതിയ തീരുമാനം നടപ്പിലായാൽ എല്ലാ ശനിയാഴ്ചകളും അവധി ദിനമായി മാറും.ഇന്ന് ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.