ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായുള്ള പുതിയ നിയമം ഇന്ന്, 2025 ജൂലൈ 15, മുതൽ പ്രാബല്യത്തിൽ വന്നു. തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ തട്ടിപ്പുകൾ തടയുന്നതിനും സാധാരണ യാത്രക്കാർക്ക് ബുക്കിംഗ് എളുപ്പമാക്കുന്നതിനുമായി ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ എല്ലാ തത്കാൽ ബുക്കിംഗുകൾക്കും നിർബന്ധമാക്കി.
IRCTC വെബ്സൈറ്റ്, റെയിൽവേയുടെ റിസർവേഷൻ കൗണ്ടറുകൾ (PRS), അംഗീകൃത ഏജന്റുമാർ എന്നിവർ മുഖേനയുള്ള എല്ലാ തത്കാൽ ബുക്കിംഗുകൾക്കും ഈ നിയമം ബാധകമാണ്.
ഇന്ന് മുതൽ ഓൺലൈനായി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരൻ്റെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) വരും. ഈ ഒടിപി നൽകിയാൽ മാത്രമേ ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
യാത്ര പുറപ്പെടുന്ന തീയതി ഒഴികെ, അതിന് ഒരു ദിവസം മുൻപാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. എസി ക്ലാസുകളായ 1A, 2A, 3A, CC, EC എന്നിവയുടെ തത്കാൽ ബുക്കിംഗ് തലേദിവസം രാവിലെ 10 മണിക്കും, നോൺ-എസി ക്ലാസുകളായ സ്ലീപ്പർ, സെക്കൻഡ് സിറ്റിംഗ് എന്നിവയുടെ ബുക്കിംഗ് രാവിലെ 11 മണിക്കുമാണ് ആരംഭിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിലെ കമ്പ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകൾ വഴിയോ അംഗീകൃത ഏജന്റുമാർ മുഖേനയോ തത്കാൽ ടിക്കറ്റ് എടുക്കുന്നവർക്കും ആധാർ ഒടിപി വെരിഫിക്കേഷൻ നിർബന്ധമാണ്. ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരൻ്റെ ആധാർ നമ്പറും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും നൽകണം. ഈ നമ്പറിൽ വരുന്ന ഒടിപി ശരിയായി നൽകിയാൽ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ.
2025 ജൂലൈ 1 മുതൽ, ആധാറുമായി ബന്ധിപ്പിച്ച യൂസർ പ്രൊഫൈലുകൾക്ക് മാത്രമേ IRCTC വെബ്സൈറ്റിലും മൊബൈൽ ആപ്പിലും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ. നിങ്ങളുടെ പ്രൊഫൈൽ ഇനിയും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതല്ല.
IRCTC യൂസർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന വിധം:
ഘട്ടം 1: IRCTC വെബ്സൈറ്റിലോ IRCTC റെയിൽ കണക്ട് മൊബൈൽ ആപ്പിലോ ലോഗിൻ ചെയ്യുക.
ഘട്ടം 2: 'My Account' എന്ന ഓപ്ഷനിലേക്ക് പോകുക.
ഘട്ടം 3: 'Authenticate User' അല്ലെങ്കിൽ 'Link Your Aadhaar' എന്നതിൽ ക്ലിക്ക് ചെയ്ത് നടപടികൾ പൂർത്തിയാക്കുക.
1. ഏജന്റുമാർക്കുള്ള സമയ നിയന്ത്രണം (ജൂലൈ 1 മുതൽ):
സാധാരണ യാത്രക്കാർക്ക് മുൻഗണന നൽകുന്നതിനായി, 2025 ജൂലൈ 1 മുതൽ അംഗീകൃത ഏജന്റുമാർക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എസി ക്ലാസുകൾ: രാവിലെ 10:00 മുതൽ 10:30 വരെ ഏജന്റുമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.
നോൺ-എസി ക്ലാസുകൾ: രാവിലെ 11:00 മുതൽ 11:30 വരെ ഏജന്റുമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.
2. ട്രെയിൻ നിരക്ക് വർദ്ധന (ജൂലൈ 1 മുതൽ):
2025 ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത് തുടങ്ങിയ പ്രീമിയം, പ്രത്യേക ട്രെയിൻ സർവീസുകൾക്കാണ് ഈ നിരക്ക് വർദ്ധന പ്രധാനമായും ബാധകമാക്കിയിട്ടുള്ളത്.
3. റിസർവേഷൻ ചാർട്ട് നേരത്തെ തയ്യാറാക്കുന്നു:
യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനായി റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയം റെയിൽവേ ബോർഡ് പുനഃക്രമീകരിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപാണ് ഇപ്പോൾ ചാർട്ട് തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടുന്ന ട്രെയിനുകളുടെ ചാർട്ട് തലേദിവസം രാത്രി 9 മണിക്ക് തന്നെ തയ്യാറാക്കും