ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസിന് തയ്യാറെടുക്കുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) വെച്ച് നടത്തിയ ഭാരം വഹിച്ചുള്ള പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു. ഇതോടെ, ജർമനി, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടംപിടിക്കാൻ ഒരുങ്ങുകയാണ്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിലൂടെയാണ് ട്രെയിനിന്റെ വീഡിയോ പങ്കുവെച്ച് ഈ സന്തോഷവാർത്ത അറിയിച്ചത്. പരിസ്ഥിതി സൗഹൃദ ഗതാഗതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.
ഹരിയാനയിലെ സിന്ധ് (Jind) - സോനിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുക. 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. ഹ്രസ്വദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഈ ട്രെയിനിൽ ഒരേസമയം 2,638 പേർക്ക് വരെ യാത്ര ചെയ്യാനാകും.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിൻ
"ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്" എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിനുകൾ നിർമ്മിക്കുന്നത്. പദ്ധതി പ്രകാരം 35 ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്തെ വിവിധ പൈതൃക, മലയോര പാതകളിൽ സർവീസ് നടത്തും. നിലവിലുള്ള ഡീസൽ ഇലക്ട്രിക്ക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) ട്രെയിനുകളാണ് ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറ്റുന്നത്.
ഒരു ട്രെയിൻ നിർമ്മിക്കുന്നതിന് ഏകദേശം 80 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പാതകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.] 1200 എച്ച്പി കരുത്തുള്ള എഞ്ചിനാണ് ഈ ട്രെയിനിൽ ഉപയോഗിക്കുന്നത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ട്രെയിൻ എഞ്ചിനുകളിൽ ഒന്നാണെന്ന് അധികൃതർ അവകാശപ്പെടുന്നു.
പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതിനാൽ ട്രെയിൻ വൈകാതെ ട്രാക്കിലിറങ്ങുമെന്ന് ഐസിഎഫ് ജനറൽ മാനേജർ യു. സുബ്ബ റാവു അറിയിച്ചു. കാർബൺ ബഹിർഗമനം കുറച്ച് ഹരിത ഗതാഗതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഇന്ത്യൻ റെയിൽവേയുടെ നിർണായക മുന്നേറ്റമാണിത്.