Share this Article
News Malayalam 24x7
കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി; ശബരിമല തീര്‍ഥാടകര്‍ക്കായി 416 സ്‌പെഷ്യല്‍ ട്രിപ്പുകള്‍
വെബ് ടീം
posted on 21-12-2024
1 min read
special train services

ന്യൂഡല്‍ഹി:  യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും പ്രത്യേകം സര്‍വീസ് നടത്തും.

ബംഗളൂരുവില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ എസ്എംബിടി ടെര്‍മിനില്‍- തിരുവനന്തപുരം 23ന് രാത്രി 11ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 24ന് വൈകീട്ട് തിരുവന്തപുരത്ത് എത്തും. 24ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11.15ന് എസ്എംബിടി ടെര്‍മിനലില്‍ എത്തും.

ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്‌പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.റൂട്ടുകള്‍ സംബന്ധിച്ച് റെയിൽവേയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 117, സെന്‍ട്രല്‍ റെയില്‍വേ 48 , നോര്‍ത്തേണ്‍ റെയില്‍വേ 22, വെസ്‌റ്റേണ്‍ റെയില്‍വേ 56 എന്നിങ്ങനെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.

ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് സ്ലീപ്പർ, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിവയിലൊന്നും കേരളത്തിലെ ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലേക്ക് കൺഫേം ടിക്കറ്റില്ലായിരുന്നു. കൊള്ളനിരക്ക് നൽകി വിമാന, ബസ് സർവീസുകളെ ആശ്രയിക്കാൻ യാത്രക്കാർ നിർബന്ധിതരാവുന്ന സാഹചര്യത്തിലാണ് റെയിൽവെയുടെ പ്രഖ്യാപനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories