ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ അതിശൈത്യത്തിന്റെ പിടിയിൽ. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് മൂന്നാറിൽ രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, ദേവികുളം, നല്ലതണ്ണി, കന്നിമല തുടങ്ങിയ മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി.
അതിരാവിലെ മൂന്നാറിലെ പുൽമേടുകളും തേയിലത്തോട്ടങ്ങളും മഞ്ഞുപുതച്ച നിലയിലായിരുന്നു. വാഹനങ്ങൾക്കു മുകളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും കട്ടിയുള്ള മഞ്ഞുപാളികൾ (Frost) രൂപപ്പെട്ടു. അരുവിക്കാട് എസ്റ്റേറ്റ് മേഖലയിൽ ഒരു ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഡിഗ്രി വരെയായിരുന്നു താപനിലയെങ്കിൽ ഇന്ന് അത് പൂജ്യത്തിലേക്ക് താഴ്ന്നു.
കടുത്ത തണുപ്പ് മൂലം ജനജീവിതം ഏറെ പ്രയാസകരമായിരിക്കുകയാണ്. തോട്ടം തൊഴിലാളികൾക്ക് പുലർച്ചെ ജോലിക്ക് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. തണുപ്പ് കൂടിയതോടെ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ പ്രയാസപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഡീസൽ വാഹനങ്ങളുടെ ഇന്ധനം തണുത്തുറയുന്നതിനാൽ വെയിൽ വന്നതിനുശേഷം മാത്രമേ പല വാഹനങ്ങളും നിരത്തിലിറക്കാൻ സാധിക്കുന്നുള്ളൂ.
അതിശൈത്യം ആസ്വദിക്കാൻ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മൂന്നാറിലെ ഒട്ടുമിക്ക ഹോട്ടലുകളും ഹോം സ്റ്റേകളും സഞ്ചാരികളാൽ നിറഞ്ഞു കഴിഞ്ഞു. മഞ്ഞുവീഴ്ച കാണാൻ പുലർച്ചെ അഞ്ചുമണി മുതൽ തന്നെ സഞ്ചാരികൾ വിവിധ പോയിന്റുകളിൽ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും തണുപ്പ് വർദ്ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.