ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി റെയിൽവേ മന്ത്രാലയം. ജപ്പാൻ്റെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനായ ഇ10 ഷിൻകാൻസെൻ (E10 Shinkansen) ജപ്പാനിലും ഇന്ത്യയിലും ഒരേസമയം അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയായ മുംബൈ-അഹമ്മദാബാദ് പാതയിലായിരിക്കും ഈ അത്യാധുനിക ട്രെയിൻ സർവീസ് നടത്തുക.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ (MAHSR) പദ്ധതിക്കായി ഇ5 (E5) ഷിൻകാൻസെൻ മോഡൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാലതാമസത്തിൽ ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് മന്ത്രാലയത്തിൻ്റെ ഈ പുതിയ പ്രഖ്യാപനം.
"ജപ്പാനിൽ നിലവിൽ സർവീസ് നടത്തുന്നത് ഇ5 ഷിൻകാൻസെൻ ട്രെയിനുകളാണ്. ഇതിൻ്റെ അടുത്ത തലമുറയാണ് ഇ10. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിൻ്റെ ഭാഗമായി, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഇ10 ഷിൻകാൻസെൻ ട്രെയിനുകൾ അവതരിപ്പിക്കാൻ ജപ്പാൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. ജപ്പാനിലും ഇന്ത്യയിലും ഒരേസമയം ഇ10 അവതരിപ്പിക്കും എന്നത് ശ്രദ്ധേയമാണ്," റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിൽ കാലതാമസമില്ലെന്നും ഷെഡ്യൂൾ അനുസരിച്ച് 2026-27ൽ ട്രയൽ റൺ നടത്തുമെന്നും മന്ത്രാലയം അവകാശപ്പെട്ടു.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഇടനാഴി പൂർണ്ണമായും ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇതിലെ പ്രധാന പുരോഗതികൾ നമുക്ക് നോക്കാം
തൂണുകൾ (Viaducts): പദ്ധതിയുടെ ഭാഗമായ 465.38 കിലോമീറ്റർ തൂണുകൾക്ക് മുകളിലൂടെയുള്ള പാതയിൽ 310 കിലോമീറ്റർ നിർമ്മാണം പൂർത്തിയായി.
തുരങ്കം (Tunnel): മഹാരാഷ്ട്രയിലെ ബാന്ദ്ര-കുർള കോംപ്ലക്സിനും (BKC) ശിൽഫാട്ടയ്ക്കും ഇടയിൽ നിർമ്മിക്കുന്ന 21 കിലോമീറ്റർ തുരങ്കത്തിൽ 2.7 കിലോമീറ്റർ ഭാഗം പൂർത്തിയായി. ഇതിൽ 7 കിലോമീറ്റർ ദൂരം താനെ കടലിടുക്കിന് അടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ തുരങ്കമാണ്.
പാലങ്ങൾ: പദ്ധതിയുടെ ഭാഗമായ 15 നദീ പാലങ്ങൾ പൂർത്തിയായി, 4 എണ്ണം നിർമ്മാണത്തിൻ്റെ അവസാന ഘട്ടത്തിലാണ്.
സ്റ്റേഷനുകൾ: ആകെയുള്ള 12 സ്റ്റേഷനുകളിൽ 5 എണ്ണം പൂർത്തിയായി. 3 സ്റ്റേഷനുകൾ നിർമ്മാണത്തിൻ്റെ അന്തിമഘട്ടത്തിലാണ്. ഭൂനിരപ്പിൽ നിന്ന് 32.5 മീറ്റർ താഴെ നിർമ്മിക്കുന്ന ബികെസി (BKC) സ്റ്റേഷൻ ഒരു എഞ്ചിനീയറിംഗ് അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ICF), പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് (BEML) രണ്ട് അതിവേഗ ട്രെയിൻ സെറ്റുകൾ നിർമ്മിക്കാൻ ടെൻഡർ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ പരീക്ഷിക്കാൻ കഴിയുന്ന ഈ ട്രെയിനുകൾക്ക് ജാപ്പനീസ് ബുള്ളറ്റ് ട്രെയിനുമായി സാമ്യമുണ്ടാകും.
2017 സെപ്റ്റംബറിൽ തുടക്കമിട്ട പദ്ധതിക്ക് 1.08 ലക്ഷം കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 320 കിലോമീറ്റർ വേഗതയിൽ വെറും 2 മണിക്കൂർ 7 മിനിറ്റിനുള്ളിൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിൽ എത്താൻ സാധിക്കും.