കണ്ണൂരിലെ ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറയില്‍ നീല വസന്തം ഒരുങ്ങി. പാറയില്‍ കാക്കപ്പൂക്കള്‍ വിരിഞ്ഞതോടെ സന്ദര്‍ശകരുടെ തിരക്കും ഏറിയിരിക്കുകയാണ്.
600 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പാറയില്‍ മണ്‍സൂണ്‍ എത്തിയതോടെ നീലവസന്തം തീര്‍ത്ത് പൂക്കള്‍ വിരിഞ്ഞ് തുടങ്ങി. കാണികളില്‍ ഇത് നയന മനോഹരമായ കാഴ്ച്ചയാണ് ഒരുക്കുന്നത്. യൂട്ടിക്കുലറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കാക്ക പൂക്കളാണ് പാറയില്‍ നീലപ്പട്ട് വിരിച്ച് നില്‍ക്കുന്നത്. കൃഷ്ണ പൂവ്, തുമ്പ പൂവ്, എള്ളിന്‍ പൂവ്, പാറനീലി, തുടങ്ങി അപൂര്‍വ്വ ഇനം പൂക്കളും ഇവിടെ കാണാം.
പൂക്കള്‍ വിരിഞ്ഞതോടെ അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളും ദേശാടന പക്ഷികളും മാടായിപ്പാറയില്‍ എത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദേശാടനപക്ഷികള്‍ ഇവിടെ എത്തുന്നു. അതോടൊപ്പം അടുത്ത കാലത്തായി സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമെല്ലാം മാടായിപ്പാറയിലെ ജൈവ വിധ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുമുണ്ട്. ഋതുഭേതങ്ങള്‍ക്കനുസരിച്ച് 4 നിറങ്ങളിലാണ് മാടായിപ്പാറയെ കാണാന്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും മനോഹരം മഴക്കാലം എത്തുമ്പോഴാണ്.