രാജ്യത്തെ വിമാനയാത്രാ നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ടു. യാത്രക്കാരെ ചൂഷണം ചെയ്യുന്ന രീതിയിലുള്ള നിരക്ക് വർദ്ധനവ് അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രാനിരക്ക് പരിധി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി.
ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് നിരക്ക് വർദ്ധനവിന് കാരണമായത്. ഇത് മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങിയ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്. പ്രതിസന്ധി പരിഹരിക്കുന്നത് വരെ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും, നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഇൻഡിഗോയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
അവസരം മുതലെടുത്ത് അമിത ലാഭം കൊയ്യാനുള്ള ശ്രമങ്ങൾക്കെതിരെയാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. നിരക്ക് നിയന്ത്രണം യാത്രക്കാർക്ക് വലിയ ആശ്വാസമാകും.