Share this Article
News Malayalam 24x7
444 വിമാന സർവീസുകൾ റദ്ധാക്കി
444 Flight Services Cancelled Amid War Tensions; DGCA Issues Warning

പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 444 വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ ദിവസം 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. യുദ്ധം വഷളായതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയുള്ള വ്യോമപാതകൾ പലതും അടച്ചതാണ് സർവീസുകളെ ബാധിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.


പേർഷ്യൻ ഗൾഫ് മേഖലയിലൂടെയും മറ്റ് സംഘർഷബാധിത പ്രദേശങ്ങളിലൂടെയുമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി.


വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പലതും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുന്നുണ്ട്. ഇത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. സംഘർഷം അയവുവരുന്നതുവരെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതയെന്ന് അധികൃതർ സൂചിപ്പിച്ചു. വിമാന സർവീസുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി അതത് കമ്പനികളുടെ വെബ്സൈറ്റുകളോ ഹെൽപ്പ് ലൈൻ നമ്പറുകളോ പരിശോധിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article