തന്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഗുരുതര വെളിപ്പെടുത്തൽ. ഇസ്രയേലി മാധ്യമമായ 'ചാനൽ 14'-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിക്കുന്ന ആരോപണവുമായി നെതന്യാഹു രംഗത്തെത്തിയത്.
ഇറാൻ തന്റെ മകനെ ലക്ഷ്യമിട്ടത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്ന് അദ്ദേഹം പ്രതികരിച്ചു. രണ്ട് ആൺമക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ഇവരിൽ ആർക്കുനേരെയാണ് വധശ്രമം ഉണ്ടായതെന്നോ എപ്പോഴാണ് സംഭവം നടന്നതെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷങ്ങൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഈ പരസ്യ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂടുതൽ കനക്കുന്നതിനിടെ പുറത്തുവന്ന ഈ പുതിയ വെളിപ്പെടുത്തൽ അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.