Share this Article
News Malayalam 24x7
ബംഗാളിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: മുഖ്യപ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
Primary Accused Shot Dead in Police

പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബരുയിപൂരിൽ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. കേസിലെ പ്രധാന പ്രതിയായ പ്രവാഷ് മണ്ഡൽ ആണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യം പുനരാവിഷ്കരിക്കാൻ സംഭവസ്ഥലത്തെത്തിച്ചപ്പോൾ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റതെന്ന് പൊലീസ് വക്താക്കൾ അറിയിച്ചു.

ബുധനാഴ്ച പുലർച്ചെ 12.45-ഓടെയാണ് കേസിന്റെ തുടരന്വേഷണത്തിനായി ബരുയിപൂർ പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘം പ്രതിയുമായി സൂര്യപൂർ ഹട്ടിലെ സംഭവസ്ഥലത്തേക്ക് തിരിഞ്ഞത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളത്തിന് സമീപം തെളിവെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുൻപായി പ്രവാഷ് മണ്ഡൽ പെട്ടെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കുകയും പൊലീസിന് നേരെ വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് സ്വയരക്ഷയ്ക്കായി പൊലീസ് തിരിച്ചു വെടിവെച്ചു. വെടിയേറ്റ് പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ ബരുയിപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.


കഴിഞ്ഞ ശനിയാഴ്ചയാണ് പതിനൊന്നുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ഞായറാഴ്ച രാവിലെ സൂര്യപൂരിലെ ഒരു കുളത്തിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ബരുയിപൂരിലും പരിസര പ്രദേശങ്ങളിലും വലിയ തോതിലുള്ള ജനരോഷം ഉയർന്നു. പ്രക്ഷോഭകർ റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.


ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കനത്ത പ്രകോപനത്തിനിടയിൽ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് തന്തി (Indrajit Tanti) എന്ന ഇരുപത്തിയാറുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. എന്നാൽ ഇയാൾക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും തികച്ചും നിരപരാധിയാണെന്നും പിന്നീട് നടത്തിയ വിശദമായ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.


പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രവാഷ് മണ്ഡൽ അടക്കം നാല് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ പിടിയിലായ അനന്ത സർദാർ, ദിവാകർ സർദാർ എന്നിവരെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യസൂത്രധാരനായ അനന്ത സർദാർ നൽകിയ 10,000 രൂപയുടെ വാഗ്ദാനത്തിൽ പ്രലോഭിതനായാണ് പ്രവാഷ് മണ്ഡൽ പെൺകുട്ടിയെ സൂര്യപൂരിലെ കൊലപാതക സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ (SIT) ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസിൽ സുരക്ഷാവീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സംസ്ഥാന ഡിജിപിക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories