Share this Article
News Malayalam 24x7
ഫസല്‍ വധക്കേസ്; നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കണ്ടെത്തി
Fasal Murder Case

തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിലെ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല ഒടുവിൽ കണ്ടെത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ ഈ മുഖ്യ തെളിവ് കോടതി സമുച്ചയത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് തിരികെ ലഭിച്ചത്.

കഴിഞ്ഞ തവണ കേസിന്റെ സാക്ഷി വിസ്താര വേളയിൽ ഈ തൂവാല ഹാജരാക്കാൻ പ്രത്യേക സി.ബി.ഐ കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സി.ജെ.എം കോടതിയിൽ നിന്ന് സി.ബി.ഐ കോടതിയിലേക്ക് എത്തിച്ചപ്പോഴാണ് സീൽ ചെയ്ത കവറിനുള്ളിൽ തൂവാല ഇല്ലെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കവറിന് മുകളിൽ "തൂവാല കാണുന്നില്ല, എലി കൊണ്ടുപോയി" എന്ന് രേഖപ്പെടുത്തിയിരുന്നത് വലിയ വിവാദങ്ങൾക്കും നാടകീയ രംഗങ്ങൾക്കും വഴിവെച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് രേഖകൾ കടത്തിയതെന്ന് സി.ബി.ഐ ആരോപിക്കുകയും കോടതി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


കോടതി നിർദ്ദേശപ്രകാരം നടത്തിയ വിശദമായ പരിശോധനയിലാണ് ഇപ്പോൾ തൂവാല തിരികെ ലഭിച്ചിരിക്കുന്നത്. തൂവാല സൂക്ഷിച്ചിരുന്ന കവർ മുറിച്ച നിലയിലാണ് കണ്ടെത്തിയത്. അതിനാൽ പ്രതികളെ സഹായിക്കാൻ ആരെങ്കിലും ഇത് മനപ്പൂർവ്വം മാറ്റിയതാണോ എന്ന കാര്യത്തിലും വിശദമായ പരിശോധനയുണ്ടാകും. കണ്ടെത്തിയത് യഥാർത്ഥ തൂവാല തന്നെയോ എന്ന് ഉറപ്പിക്കുന്നതിനായി തൂവാലയുടെ മുൻപത്തെ ഫോറൻസിക് റിപ്പോർട്ടും ഇപ്പോൾ ലഭിച്ച തൂവാലയും തമ്മിൽ താരതമ്യം ചെയ്യും. വരും ദിവസങ്ങളിൽ ഈ തൊണ്ടിമുതൽ കോടതിയിൽ ഔദ്യോഗികമായി ഹാജരാക്കും. ഓഗസ്റ്റ് നാലിനാണ് കേസ് സി.ബി.ഐ പ്രത്യേക കോടതി വീണ്ടും പരിഗണിക്കുന്നത്.


കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള ഏറ്റവും നിർണായക തെളിവുകളിൽ ഒന്നാണ് ഈ ചോരപുരണ്ട തൂവാല. 2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനും എൻ.ഡി.എഫ് പ്രവർത്തകനുമായ മുഹമ്മദ് ഫസൽ തലശ്ശേരിയിൽ കൊല്ലപ്പെടുന്നത്. സി.പി.ഐ.എം വിട്ട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


ഫസലിനെ കൊലപ്പെടുത്തിയ ശേഷം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർ.എസ്.എസ് പ്രവർത്തകരിലേക്ക് തിരിച്ചുവിടാനും അതുവഴി പ്രദേശത്ത് വലിയ സാമുദായിക സംഘർഷം സൃഷ്ടിക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നു. ഇതിനായി ഫസലിന്റെ ചോരപുരണ്ട തൂവാല ധർമ്മടം-അണ്ടല്ലൂർ ഭാഗത്തെ ഒരു ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് സമീപത്ത് കൊണ്ടുപോയിടുകയായിരുന്നു. സി.ബി.ഐ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. ലോക്കൽ പൊലീസ് കണ്ടെടുത്ത ഈ തൊണ്ടിമുതൽ പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സി.പി.ഐ.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി ഉൾപ്പെടെ എട്ട് പേരാണ് ഈ കേസിലെ പ്രതികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories