Share this Article
News Malayalam 24x7
13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
Pathanamthitta Police Register Case Involving Minor Students

പത്തനംതിട്ട കലഞ്ഞൂരിലെ സർക്കാർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പതിമൂന്നുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തിൽ സഹപാഠികളായ വിദ്യാർത്ഥികൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണ്.

രണ്ടര മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്തിടെ സ്കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം അധ്യാപകരോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിക്കുകയായിരുന്നു.


വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യത്തെ കേസ് സ്കൂൾ പരിസരത്ത് വെച്ച് കുട്ടിയെ പീഡിപ്പിച്ചതിനാണ്. ഇതിൽ സഹപാഠികളായ ആറു പേർ പ്രതികളാണ്. രണ്ടാമത്തെ കേസ് സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പീഡിപ്പിച്ചതിനാണ്. രണ്ട് കേസുകളിലുമായി ആകെ 11 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയായവരാണ്.


സംഭവം അതീവ ഗൗരവമുള്ളതായതിനാൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികളിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.

നിലവിൽ കേസിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുന്നിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും. പ്രായപൂർത്തിയായ രണ്ട് പ്രതികൾക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories