Share this Article
News Malayalam 24x7
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്
Nenmara Double Murder Case

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ (61) ശിക്ഷാവിധി പാലക്കാട് നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. അയൽവാസിയായ ബോയൻ നഗർ സ്വദേശി സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1) (കൊലപാതകം), 126(2) (തടഞ്ഞുനിർത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് അഡീഷണൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ചോദിച്ചപ്പോൾ യാതൊരു കുറ്റബോധവുമില്ലാതെയാണ് ചെന്താമര പ്രതികരിച്ചത്. "എന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ. ഒരു കരണത്ത് അടിച്ചാൽ മറുകരണം കൂടി കാണിച്ചുതരാൻ ഞാൻ ഗാന്ധിജിയല്ല. എനിക്ക് തടസ്സമായി നിൽക്കുന്നവരോട് ഇനിയും ഇതുതന്നെ ചെയ്യും. തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ" എന്നായിരുന്നു ജഡ്ജിയോട് പ്രതിയുടെ പ്രതികരണം. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം, ഇയാൾക്ക് യാതൊരുവിധ മാനസിക വൈകല്യവുമില്ലെന്ന ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കോടതി തള്ളിക്കളഞ്ഞിരുന്നു.


പ്രതിയായ ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളിൽ നിന്നും അകന്നു കഴിയുകയായിരുന്നു. തന്റെ കുടുംബജീവിതം തകരാൻ കാരണം അയൽവാസിയായ സുധാകരനും കുടുംബവുമാണെന്ന അന്ധമായ വൈരാഗ്യമാണ് മൂന്ന് കൊലപാതകങ്ങളിലേക്ക് നയിച്ചത്. 2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ കോടതി ഇയാൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചെങ്കിലും പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു.

ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നെന്മാറയിൽ വീണ്ടുമെത്തിയ ചെന്താമര സുധാകരനെയും കുടുംബത്തെയും വകവരുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സുധാകരന്റെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടർന്നാണ് 2025 ജനുവരി 27-ന് സ്കൂട്ടറിൽ പോവുകയായിരുന്ന സുധാകരനെ തടഞ്ഞുനിർത്തി ചെന്താമര ക്രൂരമായി വെട്ടിക്കൊന്നത്. നിലവിളി കേട്ടെത്തിയ വൃദ്ധയായ മാതാവ് ലക്ഷ്മിയെയും പ്രതി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലക്ഷ്മി മരണപ്പെട്ടത്.


കൊലപാതകത്തിന് ശേഷം പോത്തുണ്ടി മാട്ടായി വനമേഖലയിലേക്ക് ഒളിവിൽപ്പോയ പ്രതിയെ 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. കേസിൽ ശക്തമായ ശാസ്ത്രീയ തെളിവുകളുടെയും വിരലടയാള പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞത്. തങ്ങളുടെ അച്ഛനെയും മുത്തശ്ശിയെയും നഷ്ടപ്പെട്ട സുധാകരന്റെ മക്കൾ, പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കണ്ണീരോടെ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories