തമിഴ്നാട്ടിൽ അതിശക്തമായ മഴ. മഴക്കെടുതിയിൽ ആറ് പേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതി കമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലിനെ തുടർന്ന് ഊട്ടി –മേട്ടുപ്പാളയം, ഊട്ടി–കോത്തഗിരി റോഡുകളിലെ രാത്രികാല യാത്ര നിരോധിച്ചു. വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണു നിരോധനം ഏർപ്പെടുത്തിയത്. നീലഗിരിയിൽ 24 മണിക്കൂറിൽ 62 സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ഊട്ടിയിൽ മരം വീടിന് മുകളിലേക്ക് വീണ് 2 പേർക്ക് പരിക്കേറ്റു. ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയാണ്. നീലഗിരിയിൽ 4 താലൂക്കിലും അവധി നൽകിയിട്ടുണ്ട്. കൊടൈക്കനാൽ ഫോറസ്ററ് ഡിവിഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടും.