Share this Article
News Malayalam 24x7
സരസ്വതി നദി ഒരു മിത്ത് അല്ല; തെളിവ് രാജസ്ഥാനിൽ
വെബ് ടീം
9 hours 57 Minutes Ago
5 min read
Saraswati River Was Not a Myth

കാലം മണൽ മൂടി മറച്ചുവെച്ച രഹസ്യങ്ങൾ... ചരിത്രം പോലും മറന്നുപോയ ഒരു നാഗരികതയുടെ കഥ...ചരിത്രത്തിന്റെ താളുകൾ മാറ്റിയെഴുതാൻ പോന്ന ഒരു മഹാകണ്ടുപിടുത്തത്തിന്റെ വാർത്തയുമായാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. രാജസ്ഥാനിലെ ബഹാജ് ഗ്രാമത്തിലെ ഈ മണ്ണിൽ നിന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത് 4500 വർഷം പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ തെളിവുകളാണ്!എന്താണ് ഈ ഖനനത്തെ ഇത്രയധികം പ്രാധാന്യമുള്ളതാക്കുന്നത്? ഒന്നല്ല, ഒരുപാടുകാര്യങ്ങളുണ്ട്!

ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ, ഋഗ്വേദത്തിൽ പറയുന്ന, ഐതിഹ്യങ്ങളിലൂടെ മാത്രം നമ്മൾ കേട്ടറിഞ്ഞ സരസ്വതി നദിയുടെ ഭാഗമെന്ന് കരുതുന്ന ഒരു പുരാതന നദീതടമാണ്. 23 മീറ്റർ ആഴത്തിൽ കണ്ടെത്തിയ ഈ നദീചാൽ, ഒരു കാലത്ത് ഇവിടെയൊരു വലിയ നദി ഒഴുകിയിരുന്നുവെന്നും ആ നദിക്കരയിലാണ് ഈ സംസ്കാരം വളർന്നുവന്നതെന്നും തെളിയിക്കുന്നു.ഇതൊരു സാധാരണ കണ്ടെത്തലല്ല. കാരണം, ഈ ഒരൊറ്റ സ്ഥലത്തുനിന്ന് അഞ്ച് ചരിത്ര കാലഘട്ടങ്ങളുടെ അടയാളങ്ങളാണ് നമുക്ക് ലഭിച്ചിരിക്കുന്നത്!


  • ഹാരപ്പൻ കാലഘട്ടം

  • മഹാഭാരത കാലഘട്ടം

  • മൗര്യ കാലഘട്ടം

  • കുശാന കാലഘട്ടം

  • ഗുപ്ത കാലഘട്ടം

ഇനി നമുക്ക് ഇവിടെ നിന്ന് കണ്ടെത്തിയ അമൂല്യമായ നിധികളിലേക്ക് വരാം. 800-ൽ അധികം പുരാവസ്തുക്കൾ!

  • ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മി ലിപിയിലുള്ള കളിമൺ മുദ്രകൾ...

  • മഹാഭാരത കാലഘട്ടത്തിലെന്ന് കരുതുന്ന ഹോമകുണ്ഡങ്ങളും മൺപാത്രങ്ങളും...

  • മൗര്യ കാലഘട്ടത്തിലെ മാതൃദേവതയുടെ ശിൽപ്പമെന്ന് കരുതുന്ന ഒരു തല...

  • പിന്നെ, ഇന്ത്യയിൽ ആദ്യമായി എല്ലിൽ തീർത്ത സൂചികളും ചീർപ്പുകളും! 

മതപരമായ ആചാരങ്ങൾക്ക് തെളിവായി 15-ൽ അധികം യജ്ഞകുണ്ഡങ്ങൾ, ശിവ-പാർവതി ശിൽപ്പങ്ങൾ, അക്കാലത്തെ വ്യാപാരത്തെയും സൗന്ദര്യ സങ്കൽപ്പങ്ങളെയും കുറിച്ച് വിവരം നൽകുന്ന ശംഖുവളകൾ... അങ്ങനെ പട്ടിക നീളുകയാണ്.

ഈ കണ്ടെത്തലുകൾക്കിടയിൽ ഒരു നിഗൂഢതയുമുണ്ട്. ഇവിടെ നിന്ന് ലഭിച്ച ഒരു മനുഷ്യന്റെ അസ്ഥികൂടം കൂടുതൽ പരിശോധനകൾക്കായി ഇസ്രായേലിലേക്ക് അയച്ചിരിക്കുകയാണ്. ആരായിരുന്നു ആ മനുഷ്യൻ? എത്ര വർഷം മുൻപാണ് ജീവിച്ചിരുന്നത്? ഉത്തരങ്ങൾക്കായി ശാസ്ത്രലോകം കാത്തിരിക്കുന്നു.


ചുരുക്കത്തിൽ, ഈ കണ്ടെത്തൽ നമ്മുടെ ചരിത്ര പുസ്തകങ്ങളെത്തന്നെ തിരുത്തിയെഴുതാൻ ശേഷിയുള്ളതാണ്. ബഹാജ് ഗ്രാമം ഇനി ലോക പുരാവസ്തു ഭൂപടത്തിൽ ഒരു പ്രധാന കേന്ദ്രമായി മാറും. ഈ പ്രദേശത്തെ ഒരു ദേശീയ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article