ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് സംസ്ഥാന രൂപീകരണത്തിന്റെ 69-ാം വാർഷികം ആഘോഷിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചുമാണ് മലയാളികൾ ഈ ദിനം ആഘോഷിക്കുന്നത്.
1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം, ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നു. ഇതിനെത്തുടർന്ന്, 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി രൂപീകരിച്ചു. പിന്നീട്, 1956 നവംബർ 1-ന് സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം മലബാറും ദക്ഷിണ കാനറയിലെ കാസർഗോഡും തിരു-കൊച്ചിയുമായി ലയിപ്പിച്ച് കേരളം എന്ന സംസ്ഥാനം രൂപീകൃതമായി.
ഇന്ന് 14 ജില്ലകളും 20 ലോക്‌സഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് നമ്മുടെ കൊച്ചു കേരളം. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ കേരളം എന്നും മുന്നിട്ടുനിൽക്കുന്നു. കേരളം ചിന്തിക്കുന്നതാണ് നാളെ ഇന്ത്യ നടപ്പാക്കുന്നത് എന്ന നിലയിലാണ് കാര്യങ്ങൾ.