Share this Article
image
ഇതാണോ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം?
1 min read
World's Second Largest Diamond

ബോട്‌സ്വാന ... ആഫ്രിക്കന്‍ വന്‍കരയുടെ തെക്കുള്ള ഒരു രാജ്യം. ബോട്‌സ്വാന ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് വജ്രത്തിളക്കത്താലാണ്. ഒരു നൂറ്റാണ്ടിനിടെ കണ്ടെത്തിയ ഏറ്റവും വലിയ വജ്രം. 2493 കാരറ്റ് വജ്രശോഭയോടെ ബോട്‌സ്വാന തിളങ്ങുകയാണ്. 

അസാധാരണമായ വജ്രങ്ങളെ ഖനിയാഴങ്ങളില്‍ നിന്ന് കണ്ടെത്തുന്നതില്‍ ബോട്‌സ്വാന പണ്ടേ പ്രശസ്തയാണ്. ബോട്‌സ്വാനയിലെ കരോവേ ഖനിയില്‍ നിന്ന് കണ്ടെത്തിയ ഈ വമ്പന്‍ വജ്രത്തിന്റെ ഏകദേശ വില 160 മില്യണ്‍ ഡോളറാണ്.

എന്നാല്‍ ഈ കണക്കിലും കൂടുതലാണ് യഥാര്‍ത്ഥ മൂല്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരോവ ഖനിയുടെ ഉടമസ്ഥരായ ലുകാര ഡയമണ്ട് കോര്‍പ്പറേഷന്‍ ഇതുവരെ ലോകത്തെ രണ്ടാമത്തെ വലിയ വജ്രത്തിന്റെ യഥാര്‍ത്ഥമൂല്യമെത്രയെന്ന് പുറത്തുവിട്ടിട്ടില്ല.

അത്യാധുനിക എക്‌സറെ സാങ്കേതിക വിദ്യയിലൂടെയാണ് കരോവെ ഖനിക്കുള്ളിലൊളിച്ച വജ്രത്തെ ലുക്കാര കണ്ടെത്തിയത്. ഇനിയും പേരിട്ടില്ലാത്ത വജ്രത്തിന് അരകിലോ ഗ്രാമോളം തൂക്കമുണ്ട്. 

ദക്ഷിണാഫ്രിക്കയില്‍ 1905ല്‍ കണ്ടെത്തിയ കുള്ളിനന്‍ വജ്രമാണ് ലോകത്തിതുവരെ കണ്ടെത്തിയതില്‍ വച്ചേറ്റവും വലിയ വജ്രം. 3106 കാരറ്റ്. മൂന്നാമത്തെ ഏറ്റവും വലിയ വജ്രത്തിന്റെ ക്രെഡിറ്റും ബോട്‌സ്വാനയ്ക്കാണ്. 2019ല്‍ കണ്ടെത്തിയ സ്വീവെലോ 1758 കാരറ്റ് തിളക്കത്തോടെ മൂന്നാം സ്ഥാനത്തിരിക്കുന്നുണ്ട്. 

ആഗോളവിപണിയിലും ബോട്‌സ്വാന തിളങ്ങുകയാണ്. വജ്രത്തിന്റെ മഹാശേഖരമുള്ളിലൊളിപ്പിച്ച ഭൂമിയാണ് ബോട്‌സ്വാനയുടേത്. 1870 നും 2012നും ഇടയിലുള്ള രണ്ട് നൂറ്റാണ്ടില്‍ 4898 മില്യണ്‍ കാരറ്റ് വജ്രമാണ് കണ്ടെത്തിയത്. ഇതില്‍ ബോട്‌സ്വാനയുടെ സംഭാവന 665 മില്യണ്‍ കാരറ്റാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article