നിങ്ങളുടെ പേഴ്സിലോ, പണം വെക്കുന്ന പെട്ടിയിലോ, അലമാരയിലോ എവിടെയെങ്കിലും 2000 രൂപയുടെ നോട്ട് ഇരിപ്പുണ്ടോ? കുറേ നാളായി ഇത് എന്തു ചെയ്യും, എവിടെ കൊണ്ടുപോയി മാറ്റിയെടുക്കും എന്ന് ചിന്തിച്ച് തല പുകയ്ക്കുകയാണോ? എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം നമുക്ക് നോക്കാം .
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപയുടെ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത് 2023 മെയ് മാസത്തിലാണ്. പ്രഖ്യാപനം വന്ന സമയത്ത്, ഏകദേശം 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതിൽ ബഹുഭൂരിഭാഗവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.
ആർബിഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 5,956 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ജനങ്ങളുടെ കയ്യിൽ ബാക്കിയുള്ളത്. അതായത്, ഏതാണ്ട് 98 ശതമാനത്തിൽ കൂടുതൽ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തി.
നിലവിൽ സാധാരണ വാണിജ്യ ബാങ്കുകളിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നില്ല. അപ്പോൾ പിന്നെ എന്തു ചെയ്യും?
പേടിക്കേണ്ട, നിങ്ങൾക്ക് ഇപ്പോഴും ഈ നോട്ടുകൾ മാറ്റാൻ രണ്ട് വഴികളുണ്ട്.
ഒന്നാമത്തെ വഴി, റിസർവ് ബാങ്കിന്റെ റീജിയണൽ ഓഫീസുകളെ നേരിട്ട് സമീപിക്കുക എന്നതാണ്. രാജ്യത്തുടനീളം 19 ആർബിഐ ഓഫീസുകളിൽ ഈ സൗകര്യം ലഭ്യമാണ്. നമ്മുടെ കേരളത്തിൽ തിരുവനന്തപുരത്തും ആർബിഐയുടെ ഓഫീസ് ഉണ്ട്. ഇതു കൂടാതെ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിലും ഈ ഓഫീസുകളുണ്ട്. നിങ്ങളുടെ തിരിച്ചറിയൽ രേഖകളുമായി ഇവിടെയെത്തിയാൽ നോട്ടുകൾ മാറ്റി തരുന്നതാണ്.ഇങ്ങനെ നേരിട്ട് ചെല്ലുക എന്നത് പലർക്കും പ്രയാസമുള്ള കാര്യമായിരിക്കും അങ്ങനെയുള്ളവർക്ക് ഒരു വഴിയുണ്ട്. അതാണ് ഇന്ത്യൻ തപാൽ.നിങ്ങളുടെ അടുത്തുള്ള ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇൻഷൂർ ചെയ്ത തപാലായി നിങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ ഏതെങ്കിലും ആർബിഐ ഇഷ്യൂ ഓഫീസിലേക്ക് അയക്കാവുന്നതാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയായി നൽകിയാൽ, ആ തുക നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണിത്.
അപ്പോൾ ചിലർക്കെങ്കിലും ഒരു സംശയം ഉണ്ടാകും എന്താണ് ഇൻഷൂർ ചെയ്ത തപാൽ എന്ന് അക്കാര്യം കൂടി പറയാം
ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് പ്രകാരം കേന്ദ്ര സർക്കാർ നൽകുന്ന ഒരു അംഗീകൃത സേവനമാണ് ഇൻഷുർ ചെയ്ത തപാൽ. ഇത് തപാൽ വഴി അയക്കുന്ന വസ്തുക്കൾ നഷ്ടപ്പെടുകയോ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്താൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു.ഇന്ത്യൻ തപാൽ നിയമങ്ങൾ അനുസരിച്ച്, കറൻസി നോട്ടുകൾ, ബാങ്ക് നോട്ടുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ തപാൽ വഴി അയയ്ക്കുകയാണെങ്കിൽ അവ ഇൻഷുർ ചെയ്യേണ്ടത് നിർബന്ധമാണ്.
ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യം. 2000 രൂപയുടെ നോട്ട് അസാധുവായോ?
ഇല്ല. ആർബിഐയുടെ നിയമപ്രകാരം ഈ നോട്ട് ഇപ്പോഴും സാധുവാണ്, അതായത് ലീഗൽ ടെൻഡർ ആണ്. എന്നാൽ, നിങ്ങൾക്കിത് ഒരു കടയിൽ കൊണ്ടുപോയി സാധനം വാങ്ങാൻ ഇപ്പോൾ കഴിയില്ല. ആരും അത് സ്വീകരിക്കാൻ സാധ്യതയില്ല. 2016-ൽ 500-ന്റെയും 1000-ന്റെയും നോട്ടുകൾ ഒറ്റയടിക്ക് അസാധുവാക്കിയത് പോലെയല്ല ഇത്. ഇത് പ്രചാരത്തിൽ നിന്ന് പിൻവലിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
അതുകൊണ്ട്, നിങ്ങളുടെ കയ്യിൽ 2000 രൂപയുടെ നോട്ടുണ്ടെങ്കിൽ ഒട്ടും ആശങ്കപ്പെടേണ്ട. അത് വെറും കടലാസായിട്ടില്ല. നിങ്ങൾക്ക് ആർബിഐ ഓഫീസുകളിലോ, അല്ലെങ്കിൽ സുരക്ഷിതമായി തപാൽ വഴിയോ ഇത് മാറ്റി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിക്കാം. എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.